കോഴിക്കോട്: വിവാദ സിനിമ കേരള സ്റ്റോറിക്കെതിരെ റാപ്പർ വേടൻ. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അവർക്ക് നമ്മളെ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് വേടൻ ചോദിച്ചു. “ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് നമ്മളോട് കാണിക്കാൻ പറ്റുന്നുണ്ടെങ്കിൽ, ഭാവിയിൽ അവർക്ക് നമ്മുടെ ദേഹത്ത് എന്തൊക്കെ ചെയ്യാൻ പറ്റും.” വേടൻ ചോദിച്ചു. ശ്രദ്ധിച്ചും കണ്ടും ജീവിച്ചോണമെന്നും ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം എടുത്തോളണമെന്നും ഇല്ലെങ്കിൽ ഇവന്മാർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണെന്നും വേടൻ.
സിനിമ കാണുന്നുണ്ടെങ്കിൽ ഒരു രാഷ്ട്രീയം കണ്ടോളണമെന്നും അദ്ദേഹം പറഞ്ഞു. “എനിക്കിത് പറയാതെ ഇരിക്കാം. വേണമെങ്കിൽ പാട്ടുംപാടി കാശുംവാങ്ങി വീട്ടിൽപോകാം. അപ്പോളെനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. എന്നെകൊണ്ട് അത് ചെയ്യാൻ പറ്റാത്തത് നിങ്ങളെല്ലാവരും എൻ്റെ സഹമനുഷ്യരാണെന്ന് കാണാൻ പറ്റുന്നകൊണ്ടും നിങ്ങൾക്കത് കാണാൻ പറ്റുന്നകൊണ്ടുമാണ്.
അത് കൊണ്ടാണ് ഞാൻ ഇവിടെ വന്ന് പെർഫോം ചെയ്യുന്നത്,” വേടൻ കൂട്ടിചേർത്തു. “നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ”- എന്നും വേടൻ ചോദിച്ചു.















































