അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 76 റൺസിന് തോറ്റതിനു പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആർജെ പ്രിൻസി പരീഖും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും ചേർന്നെടുത്ത ഒരു റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മത്സരത്തിൽ ഡേവിഡ് മില്ലർ (35 പന്തിൽ 63) ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മികച്ച നിലയിൽ എത്തിച്ചത് മില്ലറുടെ ബാറ്റിങ്ങായിരുന്നു. മില്ലറുടേതു പോലൊരു ഇന്നിങ്സിന്റെ അഭാവമാണ് ഇന്ത്യയെ തോൽവിയിലേക്കു നയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം, പ്രിൻസി പരീഖ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒരു റീൽസ് പങ്കുവച്ചിരുന്നു.
‘ഡേവിഡ് മില്ലർ! എന്തൊരു കളിക്കാരൻ’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചത്. ദേഷ്യത്തോടെ കയ്യടിച്ചു കൊണ്ട് മില്ലറുടെ ചുറ്റും നടക്കുന്ന പ്രിൻസി, ഇനിയും നേർക്കുനേർ കാണാം എന്നും ആംഗ്യം കാണിക്കുന്നുണ്ട്. ‘നമ്മൾ സുഹൃത്തുക്കളാണെന്ന് ഞാൻ കരുതി, ഡേവിഡ്’ എന്ന വാക്യവും റീലിനുള്ളിലുണ്ട്. എന്നാൽ തനിക്കെതിരെ വ്യാപകമായി സൈബറാക്രമണം നടക്കുന്നതായി പ്രിൻസി പരീഖ് വെളിപ്പെടുത്തി. റീൽസ് വൈറലായതോടെ തനിക്കു നേരെ ബലാത്സംഗ ഭീഷണിയും ബോഡി ഷെയിമിങ്ങും നടക്കുന്നതായി പ്രിൻസി പറഞ്ഞു.
ഇതോടെ റീൽസ് ഫെയ്‌സ്‌ബുക്കിൽനിന്നു നീക്കം ചെയ്തു. ഇൻസ്റ്റഗ്രാമിൽ വിഡിയോ ഇപ്പോഴും ലഭ്യമാണ്. അസ്വസ്ഥതയുളവാക്കുന്ന ബലാത്സംഗ ഭീഷണികൾ താങ്ങാനാകുന്നില്ലെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.














































