പാലക്കാട്: തോമസ് ഐസക്കിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് നടനും പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയുമായ രമേഷ് പിഷാരടി. ഐസക്കിന് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ പിഷാരടി, തനിക്ക് അതേ അഭിപ്രായസ്വാതന്ത്ര്യമുള്ളതോടൊപ്പംതന്നെ സംസ്‌കാരവുമുണ്ടെന്നും കൂട്ടിച്ചേർത്തു. സംസ്‌കാരം സമരംചെയ്താൽ കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ അത് ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട മാന്യത പ്രധാനമാണെന്നും പിഷാരടി ഓർമിപ്പിച്ചു.
മാന്യത രാഷ്ട്രീയത്തിലും തുടരും. കഴിഞ്ഞ 26 വർഷമായി കലാരംഗത്ത് സജീവമായുണ്ട്. ഇത്രയുംകാലം കുടുംബ സദസ്സുകൾക്ക് മുന്നിൽ താൻ പുലർത്തിയ അതേ മാന്യത രാഷ്ട്രീയത്തിലും നിലനിർത്താനാണ് ആഗ്രഹിക്കുന്നത്.
വരുംതലമുറയ്ക്ക് രാഷ്ട്രീയം ഒരു മോശം ഇടമാണെന്ന് തോന്നാത്ത രീതിയിൽ സരസമായി ഇടപെടാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജ് ശരിയായ രീതിയിൽ പരിപാലിക്കപ്പെടുന്നില്ലെന്നും ക്രെഡിറ്റ് യു.ഡി.എഫിന് പോകുമോ എന്ന ഭയമാണ് വികസനപ്രവർത്തനങ്ങൾ തടയാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഭംകൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന തൃക്കാക്കതര ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാരുടെ വിമർശനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും പിഷാരടി മറുപടി നൽകി.
അഖിൽ മാരാർ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളായിരിക്കുമെന്നും തന്നെ വിമർശിച്ച മുതിർന്ന രാഷ്ട്രീയ നേതാക്കളെപ്പോലെയല്ല അദ്ദേഹമെന്നും പിഷാരടി പറഞ്ഞു. അഖിൽ മാരാർ തന്നെ ശ്രദ്ധിക്കുന്നത്ര പോലും താൻ അദ്ദേഹത്തെ ശ്രദ്ധിക്കാറില്ലെന്നും അതിന് തനിക്ക് സമയമില്ലെന്നും പിഷാരടി വ്യക്തമാക്കി.














































