മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി നിറകണ്ണുകളുമായാണ് പലരും അദാലത്തിലെത്തിയത്. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി തന്റെ മണ്ഡലത്തിൽ പോലും കഴിഞ്ഞ പത്തുകൊല്ലം എന്തു ചെയ്യുകയായിരുന്നുവെന്നും മന്ത്രി ചോദിച്ചു.















































