തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയാണ്.
അതേസമയം, ടാങ്കർ ലോറി അപകടത്തെ തുടർന്ന് കാസർകോട് കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിൽ കലക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കൊവ്വൽ സ്‌റ്റോറിന്റെ ഒരു കിലോമീറ്റർ പരിധിയിലാണ് (കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകൾ) പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതൽ സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം പൂർണ്ണമായും തടയുകയും വാഹനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്യും. വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ ഇൻവർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ല വാഹനങ്ങൾ സ്‌റ്റാർട്ട് ചെയ്യാനോ, അപകടം നടന്ന സ്ഥലത്തു വിഡിയോ ചിത്രീകരണവും പൊതുജനങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിക്കും. ഇലക്ട്രിസിറ്റി ബന്ധം നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.