തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ചാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു കാലത്തും നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭാ കവാടത്തിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം ഏതെങ്കിലും നേതാക്കള്‍ രാഹുല്‍ നിയമസഭയിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ചും രാഹുല്‍ പ്രതികരിച്ചില്ല.
‘വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിസരം കൂടി വേണം. ഒരു കാലത്തും വ്യക്തിപരമായ അനുകൂലമായതോ പ്രതികൂലമായതോ ഉള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ ധിക്കരിച്ചിട്ടുള്ള ആളല്ല ഞാന്‍. പരിപൂര്‍ണ്ണമായി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളാണ്. സസ്‌പെന്‍ഷനിലാണെങ്കില്‍പോലും അങ്ങനെയാണ്. ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
സസ്‌പെന്‍ഷന്‍ കാലയളില്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല’ രാഹുല്‍ പറഞ്ഞു.ആരോപണത്തില്‍ എനിക്ക് പറയാനുള്ളതൊക്കെ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോപണങ്ങളില്‍ മുങ്ങി നടക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഒരു അന്വേഷണം നടക്കുകയാണ്. അതിന്റെ സാങ്കേതികത്വത്തിലേക്ക് കടക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.