തിരുവനന്തപുരം: ബലാത്സംഗ കേസിൽ ബെംഗളൂരു സ്വദേശിനി രഹസ്യമൊഴി നൽകിയതിനു പിറ്റേന്ന് രാഹുൽ മാങ്കൂട്ടത്തലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷൻ കോടതിയിൽ. അതുപോലെ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിലാണ് കോൾ പോയതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജിയുടെ വാദത്തിനിടെയാണ് പ്രതിഭാഗം അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അതേസമയം ഹർജിയിൽ വാദം പൂർത്തിയായി. മാർച്ച് 19ന് ഉത്തരവ് പുറപ്പെടുവിക്കും. പരാതിക്കാരി രഹസ്യമൊഴി നൽകിയതിന്റെ പിറ്റേന്ന്, ഫെബ്രുവരി 17ന് രാഹുൽ അവരെ വിളിച്ചുവെന്നും അത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. പരാതിക്കാരിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോട് ജില്ലാ കോടതി നൽകിയ സംരക്ഷണ വലയമാണ് പ്രതി രാഹുൽ തകർത്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ 17ന് കോൾ പോയെങ്കിൽ അന്നു തന്നെ പോലീസ് അപേക്ഷ നൽകേണ്ടതായിരുന്നുവെന്നും ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഹർജിയെന്നും പ്രതിഭാഗം ആരോപിക്കുന്നു. ജനുവരിയിലും പരാതിക്കാരിയുടെ അടുത്ത ബന്ധു രാഹുലിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് പരിശോധിച്ചതിനു തെളിവുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.


















































