പത്തനംതിട്ട: തനിക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ മാധ്യമങ്ങൾക്കു ഗൂഢലക്ഷ്യമുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളുടെ ലക്ഷ്യം താൻ മാത്രമല്ലെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്തലാണെന്നും രാഹുൽ പറഞ്ഞു. അതിൽ താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് ഡിജിറ്റൽ മീഡിയ കമന്റ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്നലെ വൈകിട്ട് 4.57നാണ് രാഹുലിന്റെ സന്ദേശം ഗ്രൂപ്പിൽ വന്നത്.
രാഹുലിന്റെ പ്രതികരണം ഇങ്ങനെ-
‘ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല. ഞാൻ ഒരു കണ്ണി മാത്രം. ഈ ദിവസങ്ങളിൽ തന്നെ യാതൊരു അടിസ്ഥാനം ഇല്ലാതെ അവർ ഷാഫി പറമ്പിലിനെ, വി ടി ബൽറാമിനെ, പി കെ ഫിറോസിനെ, ടി സിദ്ദിഖിനെ, ജെബി മെത്തറിനെ പല കാരണം പറഞ്ഞ് ആക്രമിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? അവർക്ക് വലിയ ലക്ഷ്യം ഉണ്ട്. ആ അജണ്ടയിൽ പോയി വീഴരുത്’,
കെസി വേണുഗോപാൽ, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയവർ മുതൽ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടതും തമ്മിൽ തല്ല് ഉണ്ടാക്കേണ്ടതും മാധ്യമങ്ങളുടെ ആവശ്യണ്. നേതാക്കൾ തൊട്ട് നിങ്ങൾ വരെ ദുർബലപ്പെട്ടാൽ ദുർബലമാകുന്നത് കോൺഗ്രസ് ആണ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺഗ്രസ് നടപടിയെടുത്ത വിവരം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർ എ എൻ ഷംസീറിനെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കിയതും അറിയിച്ചിരുന്നു. സഭയിൽ രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.