ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിൻറെ മാർച്ച് നാളെ നടക്കാനിരിക്കെ വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധിയും വെബ് സൈറ്റും. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തൻറെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിൻറെ മുന്നേറ്റം.
ഇതിന്റെ ഭാഗമായി ‘വോട്ട്ചോരി. ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻറെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു. വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് ജനങ്ങളോടുള്ള രാഹുലിൻറെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
അതേസമയം രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ പിന്തുണയേറുകയാണ്. രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി രംഗത്തെത്തി. അദ്ദേഹം രാഹുലിനു പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിൻറെ ഇഷ്ടക്കാരെ നിറച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രം നിയന്ത്രിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.
സിപിഎമ്മിനെ കൂടാതെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി കോൺഗ്രസുമായി നേരത്തെ തെറ്റിനിന്ന പാർട്ടികളും ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് രാഹുൽ ഗാന്ധിക്ക് നേട്ടമാകുമെന്ന് ഉറപ്പ്. നാളെ പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ത്യ സഖ്യ എംപിമാർക്ക് അത്താഴ വിരുന്ന് നൽകുന്നുണ്ട്. ബീഹാറിൽ സെപ്റ്റംബർ ഒന്നിന് നടക്കുന്ന മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യ പ്രഖ്യാപനമാകുമെന്ന് ഉറപ്പ്.
അതേസമയം രാഹുലിന്റെ ആരോപണങ്ങളെ എസ്ഐആറിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ന്യായീകരിക്കുകയാണ്. പട്ടികയിൽ നിന്ന് ആരെങ്കിലും ഒഴിവായെങ്കിൽ അവർക്ക് രേഖകൾ ഹാജരാക്കുന്നതിനടക്കം അവസരം നല്കുമെന്ന് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ഏത് വോട്ടറെ ഒഴിവാക്കിയാലും കാരണം വിശദീകരിച്ച് പ്രത്യേക ഉത്തരവ് ഇറക്കുമെന്നും കമ്മീഷൻറെ സത്യവാങ്മൂലത്തിൽ പറയുന്നു.മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷന് സാക്ഷ്യപത്രം പോയിട്ട് വാർത്താസമ്മേളനത്തിൽ കാണിച്ച തെളിവു പോലും നൽകാത്ത രാഹുൽ ഗാന്ധിയുടേത് വെറും നാടകം ആണെന്ന് വ്യക്തമായെന്നാണ് ബിജെപി പറയുന്നത്.
ഇതിനിടെ കർണാടകയിലെ വോട്ടർപട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നാളെ കർണാടക നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താൻ കോൺഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. അതിനിടെ ബംഗളൂരുവിലെ വികസന പദ്ധതികൾക്കുള്ള ശിലാസ്ഥാപന ചടങ്ങിലടക്കം പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി കർണാടകയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ വിവിധ പരിപാടികളിൽ ഇന്ന് മോദി പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് കർണാടകയിൽ തന്നെ മോദി മറുപടി പറയുമോ എന്നതാണ് ഇനി അറിയേണ്ടത്.
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേടിൽ രാഷ്ട്രീയ പോര് മുറുകവേ കർണ്ണാടക സർക്കാരിനെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും നീക്കവും ശക്തമാണ്. 16 ന് കർണ്ണാടക മന്ത്രിസഭ യോഗം ചേർന്ന് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് ആലോചിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻറെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
നാളെ എഐസിസി ഭാരവാഹികളുടെ യോഗം ഡൽഹിയിൽ ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കും. ഇന്ത്യ സഖ്യ നേതാക്കൾ നാളെ പാർലമെൻറിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും എന്നറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം പതിനാറ് മുതൽ രാഹുലും തേജസ്വി യാദവും ചേർന്ന് ബീഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. അടുത്തമാസം ഒന്നിന് പാറ്റ്നയിൽ നടക്കുന്ന മഹാറാലിയിൽ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കമുള്ള കക്ഷികൾ പങ്ക് ചേരാനാണ് സാധ്യത.
ഇതിനിടെ രാഹുൽ ഗാന്ധിയുടെ നീക്കം ചീറ്റിയെന്ന് പ്രതികരിച്ച ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ മടിക്കുന്നതെന്തിനെന്ന ചോദ്യമാണ് ബിജെപി ആവർത്തിക്കുന്നത്. രാഹുൽ അപക്വമായ ആരോപണങ്ങൾ ഉന്നയിച്ച് അരാജകത്വം പടർത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി പ്രതികരിച്ചു.