ഔറംഗാബാദ്: ‘വോട്ട് ചോരി’ വിവാദത്തിൽ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാ അടപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം. താൻ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് കമ്മിഷൻ സത്യവാങ്മൂലം ചോദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വോട്ടർപട്ടിക പരിഷ്‌കരണമെന്നാൽ ബിഹാറിലെ ജനതയിൽനിന്ന് വോട്ടുകൾ മോഷ്ടിക്കുക എന്നാണർഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു, ഇപ്പോൾ അത് പരസ്യമായി ചെയ്യുന്നു എന്നേയുള്ളൂവെന്നും രാഹുൽ കളിയാക്കി.
അതുപോലെ മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ജയിച്ചു. നാലുമാസങ്ങൾക്കുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി സഖ്യം തൂത്തുവാരി. ഈ നാലുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടികയിൽ ഒരു കോടി വോട്ടർമാരെ സൃഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പുതിയ വോട്ടർമാർ വന്നിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. ഞങ്ങളുടെ വോട്ടുകൾ കുറഞ്ഞതുമില്ല. അതോടെയാണ് സംശയം വന്നതെന്നും രാഹുൽ പറഞ്ഞു.
ഞങ്ങൾക്കറിയേണ്ടത് ഈ ഒരു കോടി വോട്ടർമാർ എവിടെനിന്ന് വന്നു?, ആരാണവർ? ഇക്കാര്യം വിശദീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളോടത് വിശദീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. അപ്പോൾ സിസിടിവി സ്ഥാപിച്ച കാര്യം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുന്ന ഏത് പാർട്ടിക്കും നൽകണമെന്നാണ് നിയമം. എന്നാൽ സിസിടിവി നൽകില്ലെന്നാണ് അവർ പറയുന്നത്. പിന്നീട് ഇലക്ട്രോണിക് വോട്ടർപട്ടിക ആവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല. കമ്മിഷനും ബിജെപിയും ചേർന്ന് ബെംഗളൂരു സെൻട്രലിൽ മോഷണം നടത്തിയിട്ടുണ്ടെന്നുറപ്പുള്ളതുകൊണ്ടാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഞാൻ പറയുന്ന അതേ കാര്യം അനുരാഗ് താക്കൂർ പറയുമ്പോൾ, അദ്ദേഹത്തോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
ഇനി ഇന്ത്യ സഖ്യം ബിഹാറിൽ വോട്ട് മോഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. മരിച്ചവരോടൊപ്പം ചായ കുടിക്കുന്ന എന്റെ വീഡിയോ നിങ്ങൾ കണ്ടോ? തിരഞ്ഞെടുപ്പ് കമ്മിഷൻ ജീവിച്ചിരിക്കുന്നവരെ കൊന്നു. അവരുടെ പേര് വെട്ടിമാറ്റി. എന്തിനാണ് അവരുടെ പേരുകൾ വെട്ടിമാറ്റിയതെന്ന് ചോദിച്ചപ്പോൾ മുകളിൽനിന്നുള്ള ഉത്തരവ് വന്നുവെന്ന മറുപടിയാണ് ലഭിച്ചത്. മോദിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഉത്തരവുകൾ വഴി ബിഹാറിലെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകൾ വെട്ടിക്കുറയ്ക്കുകയാണ്. അദാനിയെയും അംബാനിയെയും സഹായിക്കാൻ 65 ലക്ഷം ആളുകളുടെ വോട്ടുകൾ വെട്ടിമാറ്റി. അവർ നിങ്ങളുടെ പണമെല്ലാം മോഷ്ടിക്കും. പാവപ്പെട്ടവരുടെ കൈയിലെ അവസാനത്തെ കാര്യമായ വോട്ടും തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് അവരെന്നും രാഹുൽ കുറ്റപ്പെടുത്തി.