തിരുവനന്തപുരം: ജാമ്യം കോടതി തള്ളിയതോടെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു, ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ തനിക്ക് വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്.
എന്നലെ 7 മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം. കൂടാതെ അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
ഇതിനിടെ രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. കേസിന്റെ എഫ്‌ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് തന്റെ കക്ഷി ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ രാഹുൽ തയാറാണെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ മോശപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചശേഷം പിൻവലിക്കുന്നതിൽ കാര്യമുണ്ടോയെന്നു അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ ചോദിച്ചു. സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്‌ഐആർ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതിയും ചോദിച്ചു.
കൂടാതെ ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.

















































