ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലേക്ക് രാഹുൽ ഈശ്വറിനേയും പരിഗണിക്കുന്നു. നേമത്തെ സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ രാഹുൽ ഈശ്വറിന്റെ പേരും ഉയർന്നുവന്നതായാണ് വിവരം. കേരളത്തിലെ ചില നേതാക്കൾ രാഹുൽ ഈശ്വറിനെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. എന്നാൽ രാഹുൽ ഈശ്വർ ഇക്കാര്യത്തിൽ താത്പര്യമോ താത്പര്യമില്ലായ്മയോ പ്രകടിപ്പിച്ചിട്ടില്ല.
എന്നാൽ തനിക്ക് പുരുഷ കമ്മിഷൻ യുവജന കമ്മിഷൻ പോലോത്തെ കാര്യങ്ങളിലാണ് താത്പര്യമെന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പ്രചാരണത്തിനിറങ്ങാൻ താത്പര്യമുണ്ടെന്നും അറിയിച്ചിട്ടുണ്ട്. സ്വകാര്യ സംഭാഷണത്തെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും രാഹുൽ ഈശ്വർ അറിയിച്ചു.
‘കോൺഗ്രസും യുഡിഎഫും കേരളത്തിൽ അടുത്ത തവണ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതാണ് കേരളത്തിന് ഗുണം ചെയ്യുക. ഒരിക്കൽ കൂടി എൽഡിഎഫ് അധികാരത്തിലേറിയാൽ പശ്ചിമ ബംഗാളിന്റെ സ്ഥിതിയാകും കേരളത്തിൽ. ഇക്കാര്യം താൻ പറയുന്നത് ഏതെങ്കിലും പാർട്ടിയുടെ ഭാഗമായത് കൊണ്ടല്ല’ രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
ശബരിമല വിഷയം അടക്കം ചർച്ചയാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുൽ ഈശ്വറിനെ കോൺഗ്രസ് നേതൃത്വം നേമത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ നേരത്തെ തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന് സംസ്ഥാന നേതൃത്വത്തോട് രാഹുൽ ഗാന്ധി നിർദേശിച്ചിട്ടുണ്ട്.


















































