കാർട്ടൂം: 2023 മുതൽ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സ്ഥിതി അതീവ ഗുരുതരം. സുഡാൻ സൈന്യത്തിന്റെ (എസ്എഎഫ്) കൈയിൽ അവശേഷിച്ചിരുന്ന ഏക പ്രവിശ്യയായ വടക്കുഭാഗത്തെ ഡാർഫർ കൂടി അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോട്ട് ഫോഴ്‌സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിലുള്ള വിമതസേന പിടിച്ചതോടെ മേഖലയിൽ കൂട്ടപ്പലായനം നടക്കുകയാണ്. ഇവിടത്തെ എൽ ഫാഷർ നഗരത്തിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ആർഎസ്എഫുകാർ വെടിവെച്ചുവീഴ്ത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
അഭയകേന്ദ്രങ്ങൾക്കു പുറത്തെല്ലാം ആർഎസ്എഫുകാർ യന്ത്രത്തോക്കുകളുമായി റോന്തുചുറ്റകയാണെന്നും ജീവൻ ഭയന്ന് കഴിയുകയാണെന്നും അവിടത്തുകാരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ഡാർഫറിലെ പ്രധാന പട്ടണമായ എൽഫാഷറിൽ പോയവാരം ആർഎസ്എഫ് നടത്തിയ കണ്ണില്ലാത്ത ക്രൂരതകൾ ലോകമനസ്സാക്ഷിയെ ഉലച്ചിരുന്നു. എൽ ഫാഷറിലെ ആശുപത്രിയിൽ ഇരച്ചുകയറിയ ആർഎസ്എഫുകാർ 450 പേരെ കൊന്നൊടുക്കിയെന്ന് യുഎൻ പറഞ്ഞു. തെരുവിൽ അങ്ങിങ്ങായി മൃതശരീരങ്ങളുടെ കൂമ്പാരം വ്യക്തമാക്കുന്ന ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുദ്ധത്തെത്തുടർന്ന് ദീർഘനാളായി പട്ടിണിയുടെയും കൊടുംക്ഷാമത്തിന്റെയും പിടിയിലായിരുന്നു ഡാർഫർ. ഇവിടെ ആർഎസ്എഫ് വംശീയ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തുന്നതായും റിപ്പോർട്ടുണ്ട്.
സുഡാൻ സൈന്യത്തിന്റെ ആറാം ഡിവിഷൻ ആസ്ഥാനവും 157-ാം ആർട്ടിലറി ബ്രിഗേഡും ഉൾപ്പെടെ എൽഫാഷറിലെ സൈനിക കേന്ദ്രങ്ങളെല്ലാം ആർഎസ്എഫ് കൈവശപ്പെടുത്തി. സാധാരണക്കാർ അഭയം തേടിയ റദാജ ഒലൈയിലും കൂട്ടക്കൊല നടന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബറിൽ ഇവിടെയുണ്ടായ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം എൽഫാഷർ ആശുപത്രിയിൽ കൂട്ടക്കൊല നടത്തിയിട്ടില്ലെന്ന് ആർഎസ്എഫ് അവകാശപ്പെട്ടു. നേതൃത്വത്തിന്റെ നിർദേശപ്രകാരല്ലാതെ മേഖലയിൽ അതിക്രമം നടത്തിയ സേനയിലെ ചിലരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
സുഡാനിൽ അടിയന്തരവെടിനിർത്തൽ വേണമെന്ന് ജർമനി, ജോർദാൻ, ബ്രിട്ടൻ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷികസ്ഥിതി മെച്ചപ്പെടുത്താനായി ഇടപെടുന്ന അന്താരാഷ്ട്ര കൂട്ടായ്മകൾ സുഡാനിലും ഇടപെടണമെന്ന് ബഹ്‌റൈനിൽ നടന്ന മനാമ സുരക്ഷാ ഉച്ചകോടി അഭ്യർഥിച്ചു.
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വർണ ഉത്പാദകരാണ് സുഡാൻ. ഇവിടത്തെ സ്വർണഖനികളെല്ലാം ആർഎസ്എഫിന്റെ നിയന്ത്രണത്തിലാണ്. വിദേശരാജ്യങ്ങളിലേക്ക് സ്വർണക്കടത്ത് നടത്തിയാണ് ആർഎസ്എഫ് ആയുധങ്ങൾ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 29-ന് എൽ ഫാഷർ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 460 പേരെങ്കിലും കൊല്ലപ്പെട്ടതായി യുഎൻഎഫ്പിഎ സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ മരണസംഖ്യ ഇതിലും ഭീകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രോഗികൾ, സന്ദർശകർ, കുടിയിറക്കപ്പെട്ടവർ, ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കന്യകയാണോ എന്ന് ചോദിച്ച് പട്ടാളക്കാർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 19 വയസുള്ള യുവതി പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

















































