പാലാ: നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം കുടുംബത്തെയിറക്കി കളിച്ച പുതിയ രാഷ്ട്രീയപരീക്ഷണത്തിൽ മിന്നും വിജയം. അതേസമയം 40 വർഷം കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിൻറെ മക്കളാണ് ബിനുവും ബിജുവും.
20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. എന്നാൽ കേരള കോൺഗ്രസ് എമ്മുമായുള്ള തർക്കങ്ങൾക്കൊടുവിൽ ജോസ് കെ മാണിയുടെ ആവശ്യപ്രകാരം ബിനുവിനെ സിപിഎം പുറത്താക്കുകയായിരുന്നു.
അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളുമാണ് ബിജു. ഈ തെരഞ്ഞെടുപ്പിൽ മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
അഡ്വ. ബിനു പുളിക്കകണ്ടം -286, സനീഷ് സി.കെ ചാമക്കാലായിൽ -149, അജിത് വിജയൻ-38 എന്നിങ്ങനെയാണ് വോട്ട് നില. ബിജു പുളിക്കകണ്ടം-246, അഭിലാഷ് കണിയാത്ത്-151, വിനീഷ് -27 എന്നിങ്ങനെയാണ് വോട്ട് നില. ദിയ ബിനു പുളിക്കകണ്ടം – 279, ലീലാമണി -189, സ്മിത എസ് നായർ-95 എന്നിങ്ങനെയാണ് വോട്ട് നില. ബിനു 14-ാം വാർഡിലും ദിയ 15-ാം വാർഡിലും ബിജു 13-ാം വാർഡിലും സ്വതന്ത്രരായാണ് മത്സരിച്ചത്.
അതേസമയം മൂന്നു വാർഡിലും പടർന്നു കിടക്കുന്ന കുടുംബ ബന്ധങ്ങളുടെ വേരുകളാണ് മൂന്ന് പേർക്ക് തുണയായത്. മാത്രമല്ല സ്ഥാനാർഥികളെ നിർത്താതെ മൂന്നു വാർഡിലും പുളിക്കകണ്ടം കുടുംബത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നു. പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ യുഡി.എഫിന് സാധിച്ചാൽ ബിനു അടക്കം മൂന്നു പേരുടെ പിന്തുണ നിർണായകമാണ്.



















































