തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേർക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സർക്കാർ. അവസാന 24 മണിക്കൂറിൽ വിവിധ വകുപ്പുകളിലായി 1200ഓളം ഒഴിവിൽകൂടി നിയമനം സാധ്യമാക്കിയാണ് കേരള പിഎസ്‍സി പുതുചരിത്രം കുറിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി വ്യാഴം അർധരാത്രി അവസാനിച്ചപ്പോൾ 9000ത്തോളം പേർക്കാണ് നിയമന ശുപാർശ ഉറപ്പാക്കിയത്. സ്‌പെഷൽ ഡ്രൈവിലൂടെ വിവിധ തസ്‌തികകളിൽ പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്യിപ്പിച്ചും വരാനിരിക്കുന്ന എല്ലാ ഒഴിവും മുൻകൂട്ടി കണക്കാക്കി റിപ്പോർട്ട് ചെയ്‌തുമാണ് ഇത് സാധ്യമാക്കിയത്. ഇവർക്കുള്ള നിയമന ശുപാർശ വരുംദിവസങ്ങളിൽ അയക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ചൊവ്വ വരെയുള്ള കണക്കനുസരിച്ച് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്‌തികയിൽ വിവിധ ജില്ലകളിലായി 7811 പേർക്ക് നിയമന ശുപാർശ അയച്ചിട്ടുണ്ട്.
ബുധനാഴ്‌ചത്തെയും വ്യാഴാഴ്‌ചത്തെയും 1200 ഒഴിവ് കൂടി കൂട്ടുമ്പോൾ ഇത് 9000 കടക്കും. 14 ജില്ലയിലായി 16,227 പേരാണ് റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നത്. യുപിഎസ്‍സി പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പിഎസ്‍സി വഴി ഏറ്റവും കൂടുതൽ നിയമന ശുപാർശ നടത്തുന്ന സംസ്ഥാനം കേരളമാണ്. ഈ വർഷം ഇതുവരെ 18,964 പേർക്കും 2023 ൽ 34,110 പേർക്കും ശുപാർശ നൽകി. 2016ൽ എൽഡിഎഫ് അധികാരമേറ്റശേഷം ഇതുവരെ 28,799,5 നിയമന ശുപാർശയാണ് അയച്ചത്.
2016 മെയ് 25 മുതൽ 2025 ജൂലൈ 15 വരെ, കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന 2,86,954 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്. 2016-2021 കാലഘട്ടത്തിൽ 1,61,268 പേർക്കും, 2021-2025ൽ 1,25,686 പേർക്കും നിയമന ശുപാർശ നൽകി. സംസ്ഥാനത്ത് 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി. 21.05.2021 ന് ശേഷം ഇതുവരെ 1,18,747 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വഴി അഡൈ്വസ് നൽകിയിട്ടുണ്ട്. ഈ കാലയളവിൽ 3950 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016-2021ൽ 4124 റാങ്ക് ലിസ്റ്റുകൾ ആണ് പ്രസിദ്ധീകരിച്ചത്.