തൊടുപുഴ: ജീവിത സായാഹ്നത്തിൽ ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഇടത്തിനും കൂട്ടിനു കുറച്ചു സമപ്രായക്കാരേയും കിട്ടുമെന്നറിഞ്ഞാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ പത്ര പരസ്യം കണ്ട് മുൻകൂറായി പണം നൽകിയത്. എന്നാൽ ഇവർ നൽകിയ തുകയുമായി ഉടമ മുങ്ങി.
പത്രപരസ്യം കണ്ടാണ് ഇവര് ലക്ഷങ്ങൾ വാർദ്ധക്യകാല പരിചരണത്തിനായി തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്ന വൃദ്ധസദനത്തിന് നൽകിയത്. എന്നാൽ അതുമായി ഉടമ മുങ്ങുകയായിരുന്നു. നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ലെന്നും വൃദ്ധ സദനത്തിലെ അന്തേവാസികൾ പറയുന്നു.
തന്റെ കയ്യിൽ നിന്നു പലരും പണം വാങ്ങിക്കൊണ്ടു പോയി ലൈസെൻസ് ശരിയാക്കി തരാമെന്ന് പറഞ്ഞ്. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ മുഴുവനും അവിടേക്കു കൊടുത്തുകൊണ്ടിരിക്കുകയാണ്. വിദേശത്തെത്തിയെങ്കിലും ജോലിയില്ലാത്ത അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നുമാണ് മുങ്ങിയ ഉടമ ജീവൻ തോമസിന്റെ മറുപടി. ജീവിത സായാഹ്നത്തിൽ കൂട്ടിനൊരാളില്ലാത്താവർക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യവാചകങ്ങളിൽ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശിയായ കൊച്ചഗസ്തി മുതലക്കോടത്തെ വൃദ്ധ സദനത്തിലെത്തിയത്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവനെടുത്ത് നടത്തിപ്പുകാരന് നൽകി.
തുടക്കത്തിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങൾ തുടങ്ങി. നടത്തിപ്പുകാരനായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവുമൊക്കെ മുടങ്ങി. പല തവണയായി ജീവൻ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാൽ മതിയെന്നാണ് കൊച്ചഗസ്തി പറയുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ സെക്യൂരിറ്റി ജീവനക്കാരനോ ഇവിടെയില്ല. കയ്യിലുളള പണം മുടക്കി പ്രായമായ അന്തേവാസികൾ തന്നെ വല്ലതുമൊക്കെ പാകം ചെയ്ത് കഴിക്കും.
തൊടുപുഴ സ്വദേശി ജീവൻ തോമസ് ആണ് വൃദ്ധസദനം തുടങ്ങിയത്. സാമൂഹ്യ നീതിവകുപ്പ് രജിസ്ട്രേഷൻ പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സാമ്പത്തികമായി തകർന്നതോടെ അയർലൻഡിലേക്ക് ജോലിയന്വേഷിച്ച് പോയെന്നും പണം കിട്ടുന്ന മുറയ്ക്ക് പ്രശ്ന പരിഹാരം കാണുമെന്നാണ് ജീവൻറെ വാദം.