മലപ്പുറം: എളങ്കൂരിലെ യുവതിയുടെ ആത്മഹത്യയിൽ പ്രതികരണവുമായി പിതാവ് വാസുദേവൻ. മകളെ നിരന്തരം മാനസികമായും ശാരീരികമായും ഭർത്താവ് പ്രഭിൻ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വർണം കുറവാണെന്ന് പറഞ്ഞ് മകളെ ഉപദ്രവിച്ചിരുന്നു.
സൗന്ദര്യം കുറഞ്ഞുപോയി, ജോലിയില്ല, ആരോഗ്യമില്ല എന്നതൊക്കെയാണ് മകളിൽ പ്രഭിൻ കണ്ട പ്രശ്നങ്ങൾ. ബൈക്കിൽ മകളെ കൊണ്ടുപോകില്ല. പ്രഭിൻ്റെ അമ്മയും മകളെ ഉപദ്രവിക്കാൻ പിന്തുണ നൽകി. സ്വർണം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തു.
കൂട്ടുകാരികളോട് അവൾ കാര്യങ്ങൾ പറഞ്ഞിരുന്നു. പ്രഭിന് പല സ്ത്രീകളുമായി ബന്ധമുണ്ട് എന്ന വിവരമൊക്കെ പുറത്തുവരുന്നുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തനാണ്. പ്രഭിൻ ഇതിൽ കുറ്റക്കാരനാണ്. മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയിരുന്നു.