കൊൽക്കത്ത: ഡിസംബർ 6 ന് ബാബറിന് സമ്ജിദ് ദിനത്തിൽ പശ്ചിമംബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിടുമെന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ അവകാശവാദം വിവാദത്തിൽ. തൃണമൂൽ എംഎൽഎ ഹുമയൂൻ കബീറാണ് വിവാദ പരാമർശം നടത്തിയത്. കൂടാതെ പ്രതിപക്ഷ എംഎൽഎ നൗഷാദ് സിദ്ധിഖിയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ ഏക മുസ്ലിം എംഎൽഎയാണ് സിദ്ധിഖി.
‘ഡിസംബർ 6 ന് ബെൽഡംഗയിൽ ബാബറി മസ്ജിദിന് തറക്കല്ലിടും. സിദ്ധിഖി ഒരു മതവിശ്വാസിയായതിനാൽ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. എംഎൽഎ എന്ന നിലയിൽ അല്ല നമ്മൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നത്. മറിച്ച് വിശ്വാസികളായ മുസ്ലിം എന്ന നിലയിലാണ്’, ഹുമയൂൻ കബിർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സിദ്ധിഖി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്ന് വർഷം കൊണ്ട് പള്ളി പണിയുമെന്നു ഹുമയൂൺ അവകാശപ്പെടുത്തു എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുസ്ലിം വോട്ടിനായുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.
അതേപോലെ ഡിസംബർ ആറിന് തൃണമൂൽ കോൺഗ്രസ് മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ മൈനോറിറ്റി സെൽ എല്ലാ വർഷവും റാലി സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ നേതൃത്വം ഇടപ്പെട്ട് ഉത്തരവാദിത്തം പാർട്ടി വിദ്യാർത്ഥി സംഘടനകൾക്കും യുവജന വിഭാഗത്തിനും വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഉൾപ്പെടെ റാലിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.



















































