തൃശൂർ: വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ഗുരുവായൂർ ടെംപിൾ പോലീസാണ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം ജില്ലാ കലക്ടറാണ് നടപടി എടുത്തത്.
സമൂഹമാധ്യമത്തിലൂടെ ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയിൽ പറഞ്ഞിരുന്നു.
അതേസമയം ഗോപാലകൃഷ്ണന്റെ പരാമർശം വിവാദമായതോടെ രത്തൻ യു ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിനെതിരെ എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാർട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണൻ വിദ്വേഷ പ്രസ്താവനയിലൂടെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗോകുൽ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയും ചെയ്തു.


















































