തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർഥിയുടെ ജാതി അധിക്ഷേപ പരാതിയിൽ കേസെടുത്ത് പോലീസ്. ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന്റെ പരാതിയിൽ സംസ്‌കൃതം വകുപ്പ് മേധാവി സി എൻ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് ശ്രീകാര്യം പോലീസ് കേസെടുത്തത്. വിപിൻ ജാതി അധിക്ഷേപത്തിന്റെ പേരിൽ പരാതി നൽകിയത്.
‘നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോ എന്ന് ചോദിച്ച വിദ്യാർത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറിൽ വ്യക്തമാക്കി. 2015ൽ വിപിൻ എംഫിൽ പഠിക്കുമ്പോൾ മുതൽ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതൽ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. കൂടാതെ നിന്നെ പോലുള്ള നീച ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാർത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാൻ വെള്ളം തളിക്കുമായിരുന്നെന്നും എഫ്‌ഐആറിൽ പറയുന്നു.
വിദ്യാർഥിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തെത്തിയിരുന്നു. നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാല വിസിക്കും രജിസ്ട്രാർക്കും മന്ത്രി നിർദേശം നൽകുകയും ചെയ്തു. ആരോപണ വിധേയയായ ഫാക്കൽറ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വിസിയ്ക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേരള സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിക്ക് നേരെ സംസ്‌കൃതം വകുപ്പ് മേധാവി സി എൻ വിജയകുമാരി ജാതി അധിക്ഷേപം നടത്തി എന്നായിരുന്നു പരാതി. പിഎച്ച്ഡി വിദ്യാർത്ഥിയായ വിപിൻ വിജയന് നേരെയാണ് വിജയകുമാരി ജാതി അധിക്ഷേപം നടത്തിയത്. എംഫിലിൽ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകിയെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു.
കൂടാതെ തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാർത്ഥി ആരോപിച്ചിരുന്നു. കൂടാതെ ഗവേഷക പ്രബന്ധത്തിൽ ഒപ്പിട്ടു നൽകരുതെന്ന് നിർദേശം നൽകിയതായും വിപിന്റെ പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ശ്രീകാര്യം പോലീസ് വിജയകുമാരിക്കെതിരെ കേസെടുത്തത്.

















































