വാഷിങ്ടൻ: റഷ്യയുമായുള്ള ബന്ധത്തിന്റേ പേരിൽ വഷളായ ഇന്ത്യാ- യുഎസ് ബന്ധം വിളക്കിച്ചേർക്കാൻ തുടങ്ങുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ- യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയിൽ നിന്ന് ഉയർന്ന എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. ഈ വർഷം അവസാനമോ, അടുത്ത വർഷം ആദ്യമോ ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
‘‘നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണും. അവർക്കിടയിൽ വളരെ വളരെ പോസിറ്റീവായ ഒരു ബന്ധമുണ്ട്. ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷമായിരിക്കും. അതിനുള്ള തീയതികൾ തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണ്’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ തീരുവത്തർക്കം കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പോകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
അതേസമയം ട്രംപ് ഭരണകൂടം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്നമാണ്. ഇത് യുഎസിന്റെ ദീർഘകാലമായുള്ള നയമാണ്. വിഷയം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും ചേർന്നാണ്’ എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.