ലണ്ടൻ : വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കോക്ക്പിറ്റ് വാതിൽ തുറന്നിട്ട് വിമാനം പറത്തുന്ന പൈലറ്റിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
വിമാനത്തിലുണ്ടായിരുന്ന തന്റെ കുടുംബത്തെ വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് പൈലറ്റ് കോക്ക്പിറ്റ് തുറന്നിട്ടത്.
ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് പൈലറ്റ് തന്നെ ഇതിന് വിശദീകരണം നൽകിയിരുന്നു. പറന്നുയർന്ന ശേഷം കോക്ക്പിറ്റ് വാതിൽ തുറന്നിട്ടിരുന്നു. അത് അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമാണെന്നാണ് വീഡിയോയിൽ പൈലറ്റ് ജാക്ക് പറയുന്നത്.
പൈലറ്റ് കോക്ക്പിറ്റിന്റെ വാതിൽ തുറന്നിട്ടത് കണ്ട് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ പരിഭ്രാന്തരായി. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറ്റ് ക്രൂ അംഗങ്ങൾ വിവരം ബ്രിട്ടീഷ് എയർവേയ്സിനെ അറിയിക്കുകയായിരുന്നു.
പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതിനെത്തുടർന്ന്, ഓഗസ്റ്റ് 8-ന് ലണ്ടനിലെത്തേണ്ടിയിരുന്ന ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. ഈ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ സൗകര്യമൊരുക്കി. സുരക്ഷയാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനമെന്നും സംഭവത്തിൽ പൈലറ്റിനെതിരെ അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി.