നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടി പാർവതി തിരുവോത്തിന്റെ പോസ്റ്റ്. പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയും എന്നാൽ പരമാവധി പരിഗണനയുമാണെന്ന് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബലാത്സംഗ കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന വിമർശനം സമൂഹവ്യാപകമായി ഉയരുമ്പോൾ വിധിയിലെ വശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പാർവതിയുടെ പ്രതികരണം. വിധി പ്രസ്താവത്തിനു ശേഷം ചിലർ തനിക്കയച്ച പ്രതിഷേധ കുറിപ്പുകളും പാർവതി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. പ്രതികളായ പൾസർ സുനി ഉൾപ്പെടെയുള്ളവർ ശിക്ഷാ ഇളവിനായി, താനാണ് അമ്മയുടെ ഏക ആശ്രയം എന്നും ഭാര്യയും കുട്ടികളും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും കോടതിയിൽ വാദങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൂടെ പ്രതികൾക്ക് കോടതി നൽകിയ ‘മാക്സിമം പരിഗണന’യെയാണ് പാർവതിയുടെ വിമർശനം ലക്ഷ്യമിടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് പാർവതി തന്റെ പ്രതിക്ഷേധം രേഖപ്പെടുത്തിയത്.
പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ച കുറിപ്പുകൾ ഇങ്ങനെ:
‘‘മിനിമം തടവ്, ക്രിമിനലുകൾക്ക് മാക്‌സിമം പരിഗണന; സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടവുമില്ല’’
‘എന്റെ പ്രായമായ അമ്മയെ നോക്കാൻ എനിക്ക് വേറെ ആരുമില്ല.’ ഒന്നാം പ്രതി പൾസർ സുനി കോടതിയോട് പറഞ്ഞു. ഇത്രയും ചെയ്തിട്ട് അയാൾക്ക് അമ്മയെ സഹായിക്കണമത്രേ. ഓ, ശരി ദയ കാണിക്കണമല്ലോ. അമ്മയുടെ ഏക ആശ്രയം അയാളല്ലേ.’’
‘ഗൂഢാലോചനയിൽ എനിക്ക് പങ്കില്ലായിരുന്നു., എനിക്ക് ഭാര്യയും കുട്ടികളുമുണ്ട്.’ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും തന്നെ മാത്രമാണ് ആശ്രയിച്ച് കഴിയുന്നതെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയോട് പറഞ്ഞു. പക്ഷേ, നിൽക്കൂ, കോടതിയുടെ അഭിപ്രായത്തിൽ ഗൂഢാലോചന ഇല്ലായിരുന്നല്ലോ, അല്ലേ? ഗൂഢാലോചന നടത്തിയവർക്ക് അർഹമായ ശിക്ഷ ലഭിച്ചോ? ഓ ശരിയാണ് ഭാര്യയും കുട്ടികളും.
നാലാം പ്രതി വിജീഷ് വി.പി. തന്റെ വീടായ തലശ്ശേരിക്ക് അടുത്തുള്ള കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചു. ‘തീർച്ചയായും, കുറ്റകൃത്യത്തിന് ശേഷം സുഖസൗകര്യങ്ങളാണ് പ്രധാനം..’
‘‘കുറ്റവാളികൾ അപ്പീലിന് പോകുമ്പോൾ, അവരുടെ ശിക്ഷയിൽ ഇളവ് ലഭിക്കാൻ എല്ലാ സാധ്യതയുമുണ്ട്. ഇത് നമ്മുടെ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ശബ്ദരായിരിക്കുന്നവരെ ശ്രദ്ധിക്കുക. ആഘോഷിക്കുന്നവരെയും ശ്രദ്ധിക്കുക. അവരെ സൂക്ഷ്മമായി നിരീക്ഷിക്കുക.അവർക്കിപ്പോൾ എന്തുവേണമെങ്കിലും ചെയ്യാനുള്ള ധൈര്യം ലഭിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക, കാരണം എന്തു ചെയ്താലും രക്ഷപ്പെടാമെന്ന് അവർക്കറിയാം.’’
പാർവതി പങ്കുവച്ച മറ്റ് ആളുകളുടെ പ്രതികരണങ്ങൾ താഴെ:
‘‘കൂട്ടബലാത്സംഗം ചെയ്തവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിക്കുമ്പോൾ, ഇനി എന്ത് പ്രതീക്ഷയാണ് ബാക്കിയുള്ളത്? അവൾ എട്ട് വർഷം പോരാടി പക്ഷേ പ്രതികൾക്ക് അവരുടെ പ്രായം പരിഗണിച്ചുകൊണ്ട് 20 വർഷം ശിക്ഷ കിട്ടി. എന്താണിവിടെ സംഭവിക്കുന്നത്? അതിജീവിത ജീവിതകാലം മുഴുവൻ ഈ ദുരിതം പേറേണ്ടി വരും. ഇതാണ് നമ്മൾ വിശ്വസിക്കണമെന്ന് പറയുന്ന ‘നീതി’. എന്നിട്ട് 2045-ലും ഈ പുരുഷന്മാർ തലയുയർത്തിപ്പിടിച്ച് നമ്മോടൊപ്പം നടക്കും, അപ്പോഴും നമ്മൾ ഈ ‘സിസ്റ്റത്തെ വിശ്വസിക്കണം’ എന്നാണോ പറയുന്നത്? സ്ത്രീകളെ, ജാഗ്രത പാലിക്കുക. ഈ നീതിന്യായവ്യവസ്ഥ നിങ്ങളെ രക്ഷിക്കില്ല, ഇത് പരാജയപ്പെട്ട സിസ്റ്റമാണ്. 2045 ആയാലും ഇതൊന്നും മാറാൻ പോകുന്നില്ല .
‘‘ആദ്യം നമ്മൾ ആക്രമണങ്ങളെ അതിജീവിക്കണം. പിന്നെ നമ്മൾ നിയമത്തെ അതിജീവിക്കണം. എനിക്ക് ഇവിടെ ജീവിക്കാൻ പേടിയാവുന്നു.’’
“ഹായ് പാർവതി, വിധി കേട്ട ശേഷം എനിക്ക് ശ്വാസം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. എന്റെ കൈകൾ വിറച്ചു, ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. ഒരു 25 വയസ്സുകാരി എന്ന നിലയിൽ ഞാൻ ഭയക്കുന്നു, നീതി പോലും ഇത്ര ദുർബലമായി തോന്നുന്ന ഒരിടത്ത് എങ്ങനെയാണ് നമുക്ക് സുരക്ഷിതത്വം പ്രതീക്ഷിക്കാനാവുക? കൂടുതൽ വേദനിപ്പിക്കുന്നത് കോടതി കുറ്റവാളികളുടെ പ്രായവും കുടുംബവും പരിഗണിച്ചു എന്നതാണ്. അവരുടെ ജീവിതം അതിജീവിതയുടെ തകർന്ന ജീവിതത്തേക്കാൾ സംരക്ഷണം അർഹിക്കുന്നു എന്നപോലെ. ഇതൊക്കെ അതിജീവിക്കാൻ 5 ലക്ഷം രൂപ മതിയത്രെ. അവളുടെ ട്രോമായും ഉറക്കമില്ലാത്ത രാത്രികളും ഭയവും അപമാനവും നീതി തേടാൻ വേണ്ടി ധൈര്യം സംഭരിക്കാനെടുത്ത സമയവും മാറ്റിയെടുക്കാൻ ആ തുകയ്ക്ക് കഴിയുമോ? ഇന്ന് ഞാൻ നിരാശയിലല്ല മറിച്ച് എന്റെ ഹൃദയം തകർന്നുപോയിരിക്കുന്നു, ഭയവും ദേഷ്യവുമാണ് തോന്നുന്നത്.’’
‘‘ഉറക്കെ പറയൂ! അപ്പോൾ അവർക്ക് കേട്ടില്ലെന്ന് നടിക്കാൻ കഴിയില്ല. 97% റേപ്പിസ്റ്റുകളും ശിക്ഷ അനുഭവിക്കില്ല.’’
“2017-ലെ നടി ആക്രമണ കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. ഈ കേസ് ധൈര്യത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു. ഈ വിധിയോ? നമ്മൾ എത്ര ദൂരം ഇനിയും സഞ്ചരിക്കാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ഈ കേസിനെ പ്രതീക്ഷയോടെ കണ്ട ഓരോ സ്ത്രീക്കും, നിങ്ങൾക്ക് നിരാശ തോന്നുന്നെങ്കിൽ അതിൽ അത്ഭുതമില്ല.”
‘‘വഴിയിൽ നിന്ന് ഒരു കോഴിയെ പിടിക്കുന്ന ലാഘവത്തോടെയാണ് ഈ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ചെയ്തത് എന്ന് പറഞ്ഞ വ്യക്തിക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷ.
‘‘നടിയെ വെറുതെ വിട്ടിരിക്കുന്നു! ബഹുമാനപ്പെട്ട കോടതിക്ക് നന്ദി!.’’
ഈ വിധി നിയമ വ്യവസ്ഥയിൽ അതിജീവിതമാർക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചതിന് പുറമെ, പിഴ ഒടുക്കാത്ത പക്ഷം പ്രതികൾ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും, പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


















































