കൊച്ചി: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവ് നിരോധനം ഹൈക്കോടതി വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെയാണ് നീട്ടിയത്. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമുണ്ടെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും, ടോൾ നിരക്ക് കൂട്ടിയ നടപടിയിലും നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
ബദൽ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതൽ ചിറങ്ങര വരെ 7 ഇടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്. ജനം നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്. ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചു.
തുടർന്ന് സെപ്റ്റംബറിൽ ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോൾ വിലക്ക് നീട്ടുകയായിരുന്നു.