ദുബായ്: ഇന്ത്യാ- പാക് സൂപ്പർ ഫോർ മത്സരത്തിനു മുന്നേ വിവാദങ്ങൾക്ക് തുടക്കമിട്ട് പാക്കിസ്ഥാൻ. ഇത്തവണ കളിക്കു മുൻപുള്ള വാർത്താ സമ്മേളനം ബഹിഷ്കരിച്ചാണ് പാക്കിസ്ഥാൻ പ്രതിഷേധിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ നിലവിലെ പോയിന്റിൽ നിന്ന് ഒന്ന് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി സുനിൽ ഗാവസ്കർ.
വാർത്താസമ്മേളനം ഉപേക്ഷിച്ച പാക്കിസ്ഥാൻ ടീമിനെതിരെയുള്ള സുനിൽ ഗാവസ്കറിന്റെ വാക്കുകൾ ഇങ്ങനെ. ‘‘വാർത്താ സമ്മേളനം ഉപേക്ഷിച്ചതിനു പിന്നിലെ ചിന്ത എന്താണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്കറിയാവുന്നിടത്തോളം, വാർത്താസമ്മേളനങ്ങൾ നിർബന്ധമാണ്. ടീമുകൾ അവ നടത്തിയില്ലെങ്കിൽ, ശിക്ഷകൾ എന്താണെന്ന് എനിക്കറിയില്ല. എന്നാൽ ഇക്കാലത്ത് മാധ്യമങ്ങളെ ഭാഗമാക്കേണ്ടതും വിവരങ്ങൾ അറിയിക്കേണ്ടതും പ്രധാനമാണ്. മാധ്യമങ്ങളുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. ഉറവിടങ്ങളെയോ ഊഹാപോഹങ്ങളെയോ ആശ്രയിക്കുന്നതിനുപകരം, ടീമുകൾ അവരുടെ കാഴ്ചപ്പാട് നേരിട്ട് അറിയിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുപക്ഷേ, തങ്ങൾക്ക് പങ്കിടാൻ ഒന്നുമില്ലെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടാകാം, അത് അതിശയിക്കാനില്ല.’’
അതേസമയം ഇത്തരത്തിൽ പ്രതിഷേധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിഴ ചുമത്തണമെന്നും ഗാവസ്കർ നിർദേശിച്ചു. ‘‘വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്ന് നിയമത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, ഒരു ടീം അത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ ഒരു പോയിന്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. അത് മുന്നോട്ടുള്ള ഒരു പ്രായോഗിക മാർഗമാണ്.’– ഗവാസ്‌കർ പറഞ്ഞു
ഇതിനിടെ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിനു മുൻപ് സഹതാരങ്ങളോട് എന്താണു പറയാനുള്ളതെന്നു ചോദിച്ചവർക്ക് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെ– ‘നിങ്ങളുടെ റൂം പൂട്ടി അകത്തിരിക്കുക. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക. പറയാൻ എളുപ്പമാണ്. പക്ഷേ, ഫോണും സ്വിച്ച് ഓഫ് ചെയ്ത് റൂമിന് അകത്തിരിക്കാൻ അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. എന്നാൽ പുറത്തുനിന്നുള്ള വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ അതാണ് നല്ലത്. മത്സരത്തിനായി തയാറെടുക്കുമ്പോൾ മറ്റൊന്നും നിങ്ങളെ അലട്ടരുത്. ജയം മാത്രമായിരിക്കണം ലക്ഷ്യം’– സൂര്യ പറഞ്ഞു.
അതേസമയം ഏഷ്യാകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിയന്ത്രിച്ച ‘വിവാദ’ മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് തന്നെയാകും സൂപ്പർ ഫോർ റൗണ്ടിലും ഇന്ത്യ– പാക്ക് മത്സരം നിയന്ത്രിക്കുകയെന്നാണ് സൂചന. മാച്ച് റഫറിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൈക്റോഫ്റ്റ് തന്നെയാകും ഇന്ത്യ– പാക്ക് മത്സരത്തിന്റെ മേൽനോട്ടക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.