ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കെ പാക്കിസ്ഥാൻ സൈന്യത്തിലും ഭിന്നത. പഴയ മേധാവിക്കു പകരം പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ (സിജെസിഎസ്‌സി) ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസ സൈനിക മേധാവിയായി ചുമതലയേറ്റെന്നാണു വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സൈനിക മേധാവിയായിരുന്ന അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ജനറൽ സാഹിർ ഷംഷദ് മിർസ തന്നെയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണു അനൗദ്യോഗിക വിവരം.
ഇന്ത്യയുമായി സംഘർഷം സൃഷ്ടിച്ചതിനും വ്യക്തിപരമായ നേട്ടത്തിനായി പാക്കിസ്ഥാനെ അപകടത്തിലാക്കിയതിനുമാണ് മുനീറിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന, അതേസമയം ഇക്കാര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഇതിനെക്കിറിച്ചു ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
അതേസമയം പാക്കിസ്ഥാൻ സൈന്യത്തിലെ ഫോർ സ്റ്റാർ ജനറലാണ് സാഹിർ ഷംഷദ് മിർസ. 2022 നവംബർ 27നാണ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 18–ാമത് ചെയർമാനായി മിർസ നിയമിതനായത്. 2021 മുതൽ 2022 വരെ റാവൽപിണ്ടി നോർത്തേൺ കമാൻഡിനെ നയിച്ചു. പാക്ക് പഞ്ചാബിലെ ചക്‌വാൾ ജില്ലയിലാണ് മിർസ ജനിച്ചത്.
പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, പാക്കിസ്ഥാനിലെ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിട്ടായിരുന്നു ജനറൽ മിർസയുടെ പഠനം. 1987 സെപ്റ്റംബർ 10ന് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാക്ക്സൈന്യത്തിന്റെ എട്ടാമത് സിന്ധ് റെജിമെന്റിൽ ചേർന്നു. കൂടാതെ ജിഎച്ച്ക്യുവിൽ അഡ്ജസ്റ്റന്റ് ജനറൽ, കമാൻഡർ എക്സ് കോർപ്സ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടർ ജനറൽ, ജി1എം06 എന്നീ നിലകളിലും മിർസ സേവനമനുഷ്ഠിച്ചു. ഒകാരയിലെ 40-ാമത് ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറായും പ്രവർത്തിച്ചു. 2022 ഡിസംബറിൽ, ജനറൽ മുനീറിനൊപ്പം ജനറൽ മിർസയ്ക്ക് നിഷാൻ-ഇ-ഇംതിയാസ് അവാർഡ് ലഭിച്ചിരുന്നു.