ക്വെറ്റ (പാക്കിസ്താൻ): പാക്കിസ്താനിലെ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ യാത്രക്കാരെ രക്ഷപെടുത്തിയതായി റിപ്പോർട്ട്. ട്രെയിൻ റാഞ്ചിയ വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് അധികൃതർ. അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ട്രെയിൻ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികൾക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഏറ്റുമുട്ടലിൽ 50 അക്രമികളും ബന്ദികളിൽ ചിലരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. ഏറ്റുമുട്ടലിൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബന്ദികളാക്കപ്പെട്ട 300-ൽ ഏറെ പേരെ രക്ഷപ്പെടുത്തി. ബന്ദികളിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.
ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയിൽ നിന്ന് പുറപ്പെട്ട ജാഫർ എക്‌സപ്രസ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി റാഞ്ചിയത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയിൽ പാളം തകർത്താണ് ട്രെയിൻ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎൽഎയുടെ ആവശ്യം.
ബന്ദികൾക്കൊപ്പം സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച ചാവേറുകൾ നിലയുറപ്പിച്ചതും ട്രെയിൻ തടഞ്ഞിട്ട ഭൂപ്രദേശത്തിന്റെ സവിശേഷത കാരണവും ഏറ്റുമുട്ടലും രക്ഷാപ്രവർത്തനവും സങ്കീർണമാണെന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.