വാഷിങ്ടൺ: ഓരോ തവണയും ഇന്ത്യയെ ലക്ഷ്യംവെക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾക്ക് പാക്കിസ്ഥാൻ മണ്ണിൽ അഭയം നൽകുന്നതു തുടരുകയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) റിപ്പോർട്ടിലാണ് പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെപ്പറ്റി സുപ്രധാന വിവരമുള്ളത്. ഇന്ത്യയെയും കശ്മീരിനെയും ലക്ഷ്യംവെക്കുന്ന തീവ്രവാദഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ തങ്ങളുടെ മണ്ണിൽ ഇപ്പോഴും അഭയം നൽകുന്നത് തുടരുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്കും നയപരമായ തീരുമാനങ്ങൾക്കും ശേഷവും ഭീകര സംഘടനകൾ പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തനം തുടരുന്നു എന്നും റിപ്പോർട്ട് പറയുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയും, 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണവുമായി ബന്ധമുള്ള ജെയ്ഷെ മുഹമ്മദും പാക്കിസ്ഥാൻ പ്രദേശത്ത് ഇപ്പോഴും പ്രവർത്തനം തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയംതന്നെ അടുത്ത കാലത്തായി പാക്കിസ്ഥാനിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2019-ൽ ഭീകരവാദം മൂലമുള്ള മരണം 365 ആയി കുറഞ്ഞുവെങ്കിലും, അതിനുശേഷം ഓരോ വർഷവും മരണസംഖ്യ ഉയരുകയാണ്. 2025-ൽ ഇത് 4,001-ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഭീകരവാദം ശക്തമായതിനെ തുടർന്ന്, ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി പാക്കിസ്ഥാൻ മാറി. അതുപോലെ മിക്ക ഭീകരവാദ ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രത്യയ ശാസ്ത്രത്താൽ പ്രേരിതരാണെന്ന് തങ്ങൾ കണ്ടെത്തിയതായും യുഎസ് റിപ്പോർട്ട് പറയുന്നു. ആഗോള തലത്തിലുള്ളവ, അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചുള്ളവ, ഇന്ത്യ- കശ്മീർ കേന്ദ്രീകരിച്ചുള്ളവ, ആഭ്യന്തരമായി പ്രവർത്തിക്കുന്നവ, വിഭാഗീയ ഗ്രൂപ്പുകൾ എന്നിങ്ങനെ ഈ ഗ്രൂപ്പുകളെ അഞ്ച് പ്രധാന വിഭാഗങ്ങളായി റിപ്പോർട്ടിൽ തിരിച്ചിരിക്കുന്നു.
മേഖലയിൽ അൽ-ഖ്വയ്ദയും, 4,000-6,000 പോരാളികളുള്ള ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയും (ISKP) സജീവമാണ്. പാക്കിസ്ഥാലെ ഏറ്റവും മാരകമായ ഭീകരവാദ ഗ്രൂപ്പായി വിശേഷിപ്പിക്കപ്പെടുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാന് (TTP) 2,500 മുതൽ 5,000 വരെ പോരാളികളുണ്ടെന്നും, പാക്കിസ്ഥാൻ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

















































