ഇസ്‌ലാമാബാദ്: അതിർത്തി സംഘർഷം ദിനം പ്രതി വഷളാകുന്നതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ പാക്കിസ്ഥാൻ പൊറുതിമുട്ടുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് കൂടുതൽ വായ്പയ്ക്കായി ലോക ബാങ്കിനെ ഉൾപ്പെടെ സമീപിച്ചതായാണ് റിപ്പോർട്ട്. ‘ശത്രുക്കൾ വരുത്തിയ കനത്ത നാശനഷ്ടം’ മൂലം കൂടുതൽ പണം ആവശ്യമാണെന്ന് പാക്കിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗം വ്യക്തമാക്കി.
‘‘സംഘർഷങ്ങൾക്കും ഓഹരി വിപണി തകർച്ചയ്ക്കും ഇടയിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ രാജ്യാന്തര പങ്കാളികൾ സഹായിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.’’– പാക്കിസ്ഥാൻ സാമ്പത്തിക കാര്യ വിഭാഗം എക്‌സ് പോസ്റ്റിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു പോസ്റ്റ് തങ്ങൾ ഇട്ടിട്ടില്ലെന്നും അക്കൗണ്ട് ഹാക്ക് ആയതാണെന്നും വിശദീകരിച്ച് സാമ്പത്തിക കാര്യ വിഭാഗം പിന്നീട് രംഗത്തെത്തി.
പക്ഷെ, പാക്കിസ്ഥാനു ലഭിക്കുന്ന സാമ്പത്തിക സഹായം തടയാൻ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ധനസഹായം നിർത്തലാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് വിവരം. വാഷിങ്ടനിൽ ഇന്ന് ഐഎംഎഫിന്റെ നിർണായക ബോർഡ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജ്യത്തിന്റെ നിലപാട് മുന്നോട്ടുവയ്ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പാക്കിസ്ഥാന് ഐഎംഎഫ് അനുവദിച്ച 24 പാക്കേജുകളും അവർ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും വിക്രം മിസ്രി പറയുന്നു.