ചെന്നൈ: ടിവികെ നേതാവ് വിജയ്‌യുടെ പര്യടനത്തിന് ആളുകൂടുന്നത് വിജയ് എന്ന സിനിമാതാരത്തെ കാണാനാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ. സിനിമാക്കാരനായ വടിവേലു പ്രസംഗിക്കാൻവന്നാലും ആളുകൂടുമെന്നുമ വിസികെ നേതാവ് തിരുമാവളവന്റെ പരിഹസം. സംസ്ഥാനപര്യടനത്തിന് തുടക്കംകുറിച്ച് ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ വിജയ് നടത്തിയ പ്രസംഗംകേൾക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന.
വിജയ് നടത്തുന്ന പൊതുയോഗത്തിന് നല്ല ആളുണ്ടായിരുന്നെന്നും സിനിമാതാരങ്ങളെ കാണാൻ ആളുകൾ കൂടുന്നതിൽ അദ്‌ഭുതമില്ല. ഇത്തരം പരിപാടികൾക്ക് സുരക്ഷാസന്നാഹം ശക്തമാക്കണമെന്നും തമിഴിസൈ പറഞ്ഞു. വിജയ് ഇപ്പോൾ തനിച്ചാണെന്നും ഇതുവരെ സഖ്യങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ലെന്നും വിസികെ നേതാവ് തിരുമാവളവൻ പറഞ്ഞു. നിലവിൽ ഡിഎംകെ സഖ്യത്തിന് ഭീഷണിയാവാൻ ടിവികെയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ സംസ്ഥാനത്ത് ബദൽശക്തിയാകണമെന്നുണ്ടെങ്കിൽ വിജയ് രാഷ്ട്രീയപ്രവർത്തനത്തെ കുറെക്കൂടി ഗൗരവത്തിലെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ദിവസവും പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നുണ്ട്. എന്നാൽ, വിജയ് ശനിയും ഞായറും മാത്രമാണ് ജനങ്ങളെ കാണുന്നത്. രാഷ്ട്രീയത്തെ ദൈനംദിന കൃത്യമായെടുക്കണം- അണ്ണാമലൈ വ്യക്തമാക്കി.