ന്യൂഡൽഹി: വഖഫ് ബില്ലിന്റെ പേരിൽ പ്രതിപക്ഷം പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി വോട്ട് ബാങ്കായി നിർത്താനാണ് ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബില്ലിനെച്ചൊല്ലിയുള്ള ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘ബിൽ മുസ്‌ലിം വിരുദ്ധമല്ല. വഖഫിലെ അഴിമതി അവസാനിപ്പിക്കാനാണ് ബിൽ. ന്യൂനപക്ഷങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു. ബില്ലിലെ ഭേദഗതികൾ മതപരമായ സംഘർഷം സൃഷ്ടിക്കില്ല. കോൺഗ്രസ് 123 ഡൽഹി സ്വത്ത് വഖഫിന് സമ്മാനം നൽകി. ബിൽ ആരുടെയും അവകാശം തട്ടിയെടുക്കില്ല’, അമിത് ഷാ പറഞ്ഞു. തമിഴ്‌നാട്ടിൽ 100 കണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രം വഖഫിന് എഴുതിക്കൊടുത്തെന്നും ദാനം കിട്ടിയ ഭൂമിയാണ് വഖഫ് എന്നുപറയുന്നതെന്നും അമിത് ഷാ പറഞ്ഞു. ആ വസ്തുവകകളുടെ പരിപാലനത്തിനാണ് വഖഫ് ബോർഡെന്നും അമിത് ഷാ പറഞ്ഞു. മാത്രമല്ല വഖഫിൽ ആർജെഡിക്ക് കാപട്യമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
‘2001ൽ ലാലു പ്രസാദ് യാദവ് പറഞ്ഞത് വഖഫ് സ്വത്ത് തട്ടിയെടുക്കുന്നു എന്നാണ്. അതിൽ നിയമം ആവശ്യപ്പെട്ടതും ലാലുപ്രസാദ് യാദവാണ്. ലാലുവിന്റെ ആവശ്യം മോദി ഇന്ന് സാക്ഷാത്കരിച്ചു. വഖഫ് ഉത്തരവുകൾ പുതിയ നിയമത്തിൽ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. വഖഫിന്റെ കയ്യിൽ ധാരാളം സ്വത്തുണ്ട്, എന്നാൽ വരുമാനം കുറവാണെന്ന് പറയുന്നു. പക്ഷെ കണക്കുകളിൽ ദുരൂഹതയുണ്ട്’, അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകൾ ഈ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന് വോട്ട് ബാങ്കാണ് പ്രധാനമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദി സർക്കാർ വോട്ട് ബാങ്കിനായി ഒരു ബില്ലും കൊണ്ടുവരില്ല. നിർബന്ധിത മത പരിവർത്തനത്തിന് എതിരെ നിയമം കൊണ്ടുവന്നത് ബിജെപിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ആർജെഡിയുടെ പ്രതിഷേധമെന്ന് അമിത് ഷാ പരിഹസിച്ചു. എല്ലാവരും നിയമത്തെ അംഗീകരിക്കും. തങ്ങൾ മുസ്‌ലിം വിഭാഗത്തെ ഭയപ്പെടുന്നില്ലെന്നും പ്രതിപക്ഷമാണ് ഭയപ്പെടുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് അവർ വോട്ടുബാങ്കാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി ന്യൂനപക്ഷത്തിന്റെ രക്ഷകനായി ചമയുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയും പരിഹസിച്ചു. 2025ലെ ഏറ്റവും വലിയ തമാശയാണിത്. മാനസികവും ശാരീരികവും സാമൂഹികവുമായി ന്യൂനപക്ഷങ്ങളെ വേട്ടയാടിയ സർക്കാരാണ് ഇതെന്നും ന്യൂനപക്ഷത്തോട് തുടരുന്നത് അനീതിയാണെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഈ ബില്ലു കൊണ്ടുവന്നത് വലിയ ഉദാഹരണമാണെന്നും ബില്ല് എല്ലാ അധികാരവും സർക്കാരിന് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.