ന്യൂഡൽഹി: പാർലമെൻറിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്. ലോക്സഭയിൽ 16 മണിക്കൂർ ചർച്ചക്ക് തുടക്കമിട്ട് സംസാരിച്ച പ്രതിരോധ മന്ത്രിയുടെ വാദങ്ങളെ ശക്തമായി ഗൊഗോയ് വിമർശിച്ചു. സത്യം വ്യക്തമാകണം അതിനാണ് ചർച്ചയാവശ്യപ്പെട്ടത്. പലതും പറഞ്ഞു, എന്നാൽ പഹൽഗാമിൽ വീഴ്ചയുണ്ടായത്എങ്ങനെയെന്ന് പറഞ്ഞില്ല. എങ്ങനെ ഭീകരർ അവിടേക്കെത്തി, 26 പേരെ എങ്ങനെ വകവരുത്തിയെന്ന് പ്രതിരോധമന്ത്രി പറഞ്ഞില്ല എന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു.
രാജ്യത്തിൻറെ സൈനിക ബലത്തെ നമിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷത്തിൻറെ പ്രതിരോധം.
പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ച്കൊണ്ടേയിരിക്കും. രാജ്യത്തിന് അറിയണം എന്താണ് സംഭവിച്ചതെന്ന്. എന്തുകൊണ്ട് തീവ്രവാദികളെ ഇതുവരെ പിടികൂടാനായില്ല. പ്രതിരോധമന്ത്രി പലതും ഒഴിവാക്കി? ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ജമ്മുകശ്മീർ ഗവർണ്ണർക്ക് പിന്നിൽ ആഭ്യന്തരമന്ത്രിക്ക് ഒളിച്ചിരിക്കാനാവില്ല. സുരക്ഷ വിലയിരുത്താൻ സമീപ ദിവസങ്ങളിൽ അമിത്ഷാ അവിടെയുണ്ടായിരുന്നു. ഇതേ കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നോ? എന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു.
ഗൗരവ് ഗൊഗോയ് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടയിൽ അനാവശ്യങ്ങൾ പറയരുതെന്ന് സ്പീക്കർ നിർദേശം നൽകുകയും ചെയ്തു. തുർന്ന്’ലക്ഷ്യം യുദ്ധമല്ലെന്ന് പറയുന്നു, ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും പറയുന്നു.സംയുക്ത സൈനിക മോധാവിയടക്കം വിമാനങ്ങൾ വീണെന്ന് പറയുന്നു.ഏതെങ്കിലും റഫാൽ വിമാനം തകർന്ന് വീണിട്ടുണ്ടോ?35 റഫാൽ വിമാനങ്ങൾ നമുക്കുണ്ട് ,ഇപ്പോൾ എത്രയുണ്ട് ?
പാകിസ്ഥാന് പിന്നിൽ ചൈനയായിരുന്നുവെന്നും കേട്ടു. എന്നാൽ ചൈനയുടെ പങ്കിനെ കുറിച്ച് പ്രതിരോധമന്ത്രി ഒരു വാക്ക്പോലും പറഞ്ഞില്ല, പാകിസ്ഥാന് ചൈനയുടെ സഹായം കിട്ടിയോ ? രാജ്യത്തിൻ്റെ ആത്മാവിന് നേർക്കുണ്ടായ ആക്രമണത്തെ മുൻകൂട്ടി കാണാനാകാത്തത് വലിയ വീഴ്ചയാണ്’എന്നും ഗൗരവ് ഗൊഗോയ് പാർലമെൻറിൽ പറഞ്ഞു.