ന്യൂഡൽഹി: ഇന്ത്യ മുൻപ് നേരിട്ട ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താ സമ്മേളനം ആരംഭിച്ചത്. രണ്ടു കോടി സഞ്ചാരികളാണ് കഴിഞ്ഞ വർഷം ജമ്മുവിൽ എത്തിയത്. ഇതിനെ തടയിടാനാണ് അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചത്. ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്കർ–ഇ–തയിബയുമായി ബന്ധമുള്ള സംഘടനയാണ് ഇത്. ടിആർഎഫ് എന്നത് ചെറിയ സംഘടനയാണ്. അവർക്ക് പിന്നിൽ വലിയ ഭീകരവാദ സംഘടനകളാണ് ഉള്ളതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പഹൽഗാമിലെ നിഷ്ഠൂരമായ ആക്രമണത്തിന് ഇന്ത്യ മറുപടി നൽകി. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ക്രൂരമായാണ് വിനോദസഞ്ചാരികളെ ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തിയത്.
പാക്കിസ്ഥാനിലും പാക്കിസ്ഥാൻ അധിനിവേശ മേഖലകളിലും ഭീകരവാദികളുടെ വലിയ കേന്ദ്രങ്ങളാണ് ഉള്ളത്. ഭീകരവാദികൾക്ക് പാക്കിസ്ഥാൻ ഒരുക്കി നൽകിയിരിക്കുന്ന ഈ സൗകര്യങ്ങൾ തകർക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അവരുടെ പ്രധാന സ്പോൺസർമാർക്കും സഹായികൾക്കും കൃത്യമായ ഉത്തരം നൽകുക എന്നതാണ് ഈ ആക്രമണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരവാദ സംഘടനകളായ എൽഇടി, ജയ്ഷെ എന്നിവരാണ് മുൻപ് നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഉള്ളതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.