ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നഷ്ടം വരുത്തിയതായി ഇന്ത്യ. അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന യുദ്ധവിമാനങ്ങൾ തകർത്തതും തലസ്ഥാനമായ ഇസ്ലാമാബാദിന് സമീപമുള്ള പ്രധാന സൈനിക സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതും ഉൾപ്പെടെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഇന്ത്യ ആഗ്രഹിച്ച ലക്ഷ്യങ്ങൾ നേടിയെന്നും ഏതെങ്കിലും തരത്തിലുള്ള അതിസാഹസികതയ്ക്ക് ശ്രമിച്ചാൽ പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്നും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു.
പാക്കിസ്ഥാനിലുടനീളമുള്ള ഒരു ഡസനിലധികം സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിൽ വ്യോമസേനയുടെ 20 ശതമാനത്തോളം അടിസ്ഥാന സൗകര്യങ്ങളും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയും ആക്രമിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രതികാരമായി, പ്രധാന വെടിമരുന്ന് ഡിപ്പോകളെയും സർഗോധ, ബൊളാരി തുടങ്ങിയ വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ട് പറയുന്നു.
കൂടാതെ സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആക്രമണത്തിൽ നിരവധി പാക്കിസ്ഥാൻ വ്യോമസേനാ യുദ്ധവിമാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിനിടെയുണ്ടായ പ്രതികാര ആക്രമണങ്ങളുടെ ഭാഗമായി, ഇന്ത്യ സൈനിക കേന്ദ്രങ്ങളും ചക്ലാലയിലെ നൂർ ഖാൻ, ഷോർകോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂർ, സിയാൽകോട്ട്, പാസ്രൂർ, ചുനിയൻ, സർഗോധ, സ്കാർഡു, ബൊളാരി, ജേക്കബാബാദ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ലക്ഷ്യമിട്ടു.
അതേസമയം വാർത്താ സമ്മേളനത്തിൽ, കരസേനയിലെയും ഇന്ത്യൻ വ്യോമസേനയിലെയും ഇന്ത്യൻ നാവികസേനയിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇന്ത്യൻ സൈനിക സ്ഥാപനങ്ങളെയും സിവിലിയൻ പ്രദേശങ്ങളെയും ലക്ഷ്യമിടാനുള്ള പാക്കിസ്ഥാൻ ശ്രമങ്ങളെ ഇന്ത്യ എങ്ങനെ ചെറുത്തു. ഒരു ചോദ്യത്തിന്, ഇന്ത്യ തീർച്ചയായും കുറച്ച് പാക്കിസ്ഥാൻ വിമാനങ്ങൾ വെടിവച്ചിട്ടെങ്കിലും എണ്ണത്തെക്കുറിച്ചുള്ള വിവരം നൽകാൻ അവർ വിസമ്മതിച്ചുവെന്ന് എയർ മാർഷൽ എകെ ഭാരതി പറഞ്ഞു. “അവരുടെ വിമാനങ്ങൾ ഞങ്ങളുടെ അതിർത്തിക്കുള്ളിൽ വരുന്നത് തടഞ്ഞു. അതിനാൽ ഞങ്ങളുടെ പക്കൽ അവശിഷ്ടങ്ങളില്ല, പക്ഷേ തീർച്ചയായും ഞങ്ങൾ കുറച്ച് വിമാനങ്ങൾ വീഴ്ത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, എയർ മാർഷലിന്റെ മറുപടി ഇങ്ങനെ- “ഞങ്ങൾ ഒരു യുദ്ധ സാഹചര്യത്തിലാണ്, നഷ്ടങ്ങൾ പോരാട്ടത്തിന്റെ ഭാഗമാണ്. ഞങ്ങൾ തിരഞ്ഞെടുത്ത ലക്ഷ്യങ്ങൾ നേടിയെടുത്തുവെന്നും ഞങ്ങളുടെ എല്ലാ പൈലറ്റുമാരും നാട്ടിലേക്ക് മടങ്ങിയെന്നും മാത്രമേ എനിക്ക് പറയാൻ കഴിയൂ”. കൂടാതെ ഓപ്പറേഷൻ സിന്ദൂരിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് ഇന്ത്യൻ ജവാൻമാർക്കും സാധാരണക്കാർക്കും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ ഘായ് ആദരാഞ്ജലി അർപ്പിച്ചു.
“ഞങ്ങൾ ഇതുവരെ വളരെയധികം സംയമനം പാലിച്ചു, ഞങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതും അളന്നതും തീവ്രത കുറഞ്ഞതുമാണ്. എന്നിരുന്നാലും, നമ്മുടെ പൗരന്മാരുടെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും സുരക്ഷയ്ക്കും നേരെയുള്ള ഏതൊരു ഭീഷണിയും നിർണായക ശക്തി ഉപയോഗിച്ച് നേരിടും,” അദ്ദേഹം പറഞ്ഞു.