കൊച്ചി: ഭൂട്ടാൻ വഴി വാഹനം കടത്തിയതിൽ അന്വേഷണം ഊർജിതമനാക്കിയതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്ന് വിവരം. മാത്രമല്ല വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായ് ദുൽഖറിന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനമാണ് മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതോടൊപ്പം നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം. ഇന്നലെയായിരുന്നു ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുവരേയും കൂടാതെ നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനേയും കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.