ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ഈ അടുത്തകാലത്ത് ഇന്ത്യൻ സൈന്യം നടത്തിയ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കായിരുന്നു ഓപ്പറേഷൻ സിന്ദൂർ. പഹൽഗാമിൽ വീണ ചോരയ്ക്കും മാഞ്ഞ സിന്ദൂരത്തിനും പകരം ഇന്ത്യ പാക്കിസ്ഥാന്റെ തട്ടകത്തിൽ കേറി അവരെ തകർത്ത് കണക്കുതീർത്തു. പിന്നാലെ ഈ വിവരം ലോകത്തെ അറിയിക്കാനായി ഇന്ത്യ നിയോഗിച്ചതോ രണ്ട് വനിതാ സൈനികോദ്യോഗസ്ഥരെ. കരസേനയിലെ കേണൽ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമികാ സിങ്ങും. അതുകഴിഞ്ഞിങ്ങോട്ട് പല കഥകളും അനുഭവങ്ങളും വെളിപ്പെടുത്തി പലരുമെത്തി.
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തുറന്നുപറയുകയാണ് ഇരുവരും. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ കരോർപതി എന്ന ടെലിവിഷൻ ഷോയുടെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിലാണ് ഇരുവരും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ പറഞ്ഞത്. ഇത്തരമൊരു ഓപ്പറേഷൻ നടത്തിയത് എന്തിനായിരുന്നുവെന്ന് കേണൽ സോഫിയാ ഖുറേഷി വിശദീകരിക്കുന്നു
‘പാക്കിസ്ഥാൻ വർഷങ്ങളായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. അവർക്ക് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്തത്. ഇത് പുതിയ മനോഭാവമുള്ള പുതിയ ഇന്ത്യയാണ്.’ -കേണൽ പറയുന്നു. വെറും 25 മിനിറ്റിൽ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയെന്ന് വിങ് കമാൻഡർ വ്യോമികാ സിങ് പറഞ്ഞു. ‘അന്ന് പുലർച്ചെ 01:05 മുതൽ 01:30 വരെയുള്ള സമയം, ഞങ്ങൾ വെറും 25 മിനിറ്റിൽ അവരുടെ കളികൾ അവസാനിപ്പിച്ചു.’ -വ്യോമികാ സിങ് പറഞ്ഞു.
ഇരുവരേയും കൂടാതെ നാവികസേനയിലെ കമാൻഡർ പ്രേരണാ ദേവസ്തലിയും കോൻ ബനേഗാ കരോർപതിയുടെ പ്രത്യേക എപ്പിസോഡിൽ അതിഥിയായെത്തുന്നുണ്ട്. നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലിന്റെ കമാൻഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ട കേന്ദ്രങ്ങൾ എല്ലാം തകർത്തുവെന്നും ഒരു സാധാരണക്കാരന് പോലും പരുക്കേറ്റിട്ടില്ലെന്നും കമാൻഡർ പ്രേരണാ ദേവസ്തലി വ്യക്തമാക്കി.
അതേസമയം മൂന്ന് വനിതാ സൈനികോദ്യോഗസ്ഥരും ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നത് കോൻ ബനേഗാ കരോർപതി പ്രത്യേക എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലൂടെയാണ് പുറത്തുവന്നത്. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനും കാണികളും ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കുന്നതാണ് പ്രൊമോ വീഡിയോയുടെ അവസാനം. പൂർണമായ എപ്പിസോഡ് സ്വാതന്ത്ര്യദിനത്തിൽ രാത്രി ഒമ്പത് മണിക്ക് സോണി ടിവിയിൽ പ്രക്ഷേപണം ചെയ്യും.
ഇതിനിടെ വനിതാ സൈനികോദ്യോഗസ്ഥർ യൂണിഫോമിൽ ഇത്തരമൊരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ഉയരുന്നുണ്ട്. ‘സൈനിക ഓപ്പറേഷന് ശേഷം ഇതുപോലെയൊന്ന് ഏതെങ്കിലും രാജ്യത്ത് നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ? സർവീസിലുള്ള ഒരാൾക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു? -ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.