ഭുവനേശ്വർ: ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ആയി മലയാളി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട് സർവ്വീസിലെ 2001 ബാച്ച് ഉദ്യോഗസ്ഥനായ സുബു ആർ ആണ് ഒഡിഷയിലെ നിർണായക പദവിയിലേക്ക് എത്തിയത്. ഡൽഹിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഓഫീസിൽ കസ്റ്റംസ് വിഭാഗം ഡയറക്ടർ ജനറൽ പദവിയിൽ നിന്നാണ് ഒഡീഷയിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) പദവിയിലേക്ക് ആർ സുബു എത്തുന്നത്. രാജ്യത്തെ എല്ലാ എ ആൻഡ് ഇ ഓഫീസുകളിലെ ഡിജിറ്റൽവൽക്കരണത്തിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് ആർ സുബു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിഡിഎയിലെ (ഡൽഹി വികസന അതോറിറ്റി) കേന്ദ്ര ഡെപ്യൂട്ടേഷനുശേഷം എൻവയോൺമെന്റ് ആൻഡ് സയന്റിഫിക് ഡിപ്പാർട്ട്‌മെന്റുകൾ, റെയിൽവേ ബോർഡ് പ്രിൻസിപ്പൽ ഡയറക്ടർ എന്നീ സുപ്രധാന പദവികൾ സുബു ആർ നിർവഹിച്ചിട്ടുണ്ട്. ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിഡിഎയിൽ (ഡൽഹി വികസന അതോറിറ്റി) കമ്മീഷണർ (എൽഡി) എന്ന നിലയിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐഡിഎൽഐ, ഇന്ററാക്ടീവ് ഡിസ്പോസൽ ഓഫ് ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുടെ തുടക്കക്കാരനായും, പ്രശസ്തമായ 2 ജി സ്പെക്ട്രം റിപ്പോർട്ടിന്റെ ഡയറക്ടർ (റിപ്പോർട്ട്)എന്ന പദവിയും ഇതിന് മുൻപ് ആർ സുബു നിർവഹിച്ചിട്ടുണ്ട്.
വർക്കല സ്വദേശിയായ സുബു ആർ, ഐഐഎംബി, ഡൽഹി സർവകലാശാല, എൽഎസ്ഇ, യുസിഎൽഎ, ബെർക്ക്‌ലി, സിറാക്കൂസ് സർവകലാശാല, ന്യൂയോർക്ക്, കേരള സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അമൃത് വിജ്ഞാൻ കോശ് പദ്ധതിക്ക് കീഴിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള സിബിസി, ഐഡിഎൽഐ സംവിധാനത്തെ ഒരു കേസ് സ്റ്റഡിയായി കണക്കാക്കി രാജ്യത്തെ എല്ലാ ഭരണ സ്ഥാപനങ്ങൾക്കും പൊതുഭരണത്തിന്റെ കീഴിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആർ സുബു ആയിരുന്നു.
റെയിൽവേ ബോർഡിലെ ഇ-ഫയൽ ഓഡിറ്റ്, ഹൈക്കോടതിയുടെയും സുപ്രീം കോടതികളുടെയും പ്രകൃതിവിഭവങ്ങളെയും അവയുടെ ഉടമസ്ഥാവകാശത്തെയും കുറിച്ചുള്ള വിധിന്യായത്തിന് കാരണമായ സ്വകാര്യ സേവന ദാതാക്കളെ (പിഎസ്പി) ഓഡിറ്റ് ചെയ്യുന്നതിലെ സിരാകേന്ദ്രമായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് സുബു.