ഇസ്‍ലാമാബാദ്: ഇത്തവണ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ കിരീടം നേടിയാൽ മാത്രം പോരാ, ഫെബ്രുവരി 23ന് ദുബായിൽവച്ചു നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുന്നതും പ്രധാനമാണെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രംഗത്ത്. ടൂർണമെന്റിനായി നവീകരിച്ച ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനു മുന്നോടിയായാണ്, നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. തുടർന്ന് ഇവിടെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും ഏറ്റുമുട്ടിയെങ്കിലും വിജയം ന്യൂസീലൻഡിനായിരുന്നു.
മലപ്പുറത്ത് ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
‘‘ഇത്തവണ നമ്മളടേത് വളരെ മികച്ച ടീമാണുള്ളത്. അടുത്ത കാലത്ത് ഈ ടീം ഒട്ടേറെ വിജയങ്ങളും നേടിയിട്ടുണ്ട്. നമുക്കു മുൻപിൽ ഇപ്പോഴുള്ള പ്രധാന വെല്ലുവിളി ചാംപ്യൻസ് ട്രോഫിയിൽ കിരീടം നേടുക മാത്രമല്ല, ദുബായിൽ നമ്മുടെ ബദ്ധവൈരികളായ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ അവരെ തോൽപിക്കുക കൂടിയാണ്. അതിനായി ഈ രാജ്യം ഒന്നടങ്കം നമ്മു ടീമിനു പിന്നിലുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു. മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാൻ ഒരു ഐസിസി ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചാംപ്യൻസ് ട്രോഫിയിൽ നമ്മുടെ ടീം രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ – പ്രധാനമന്ത്രി പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്‌ക്കാൻ ഇന്ത്യ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടങ്ങും മുൻപേയാണ്, ഇന്ത്യയെ തോൽപ്പിക്കണമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം. നിലവിൽ ചാംപ്യൻസ് ട്രോഫിയിൽ ചാംപ്യൻമാർ കൂടിയാണ് പാക്കിസ്ഥാൻ. ഏറ്റവും ഒടുവിൽ ചാംപ്യൻസ് ട്രോഫി നടന്ന 2017ൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം ചൂടിയത്. അതേസമയം, ഐസിസി ടൂർണമെന്റിൽ പാക്കിസ്ഥാൻ ഏറ്റവും ഒടുവിൽ ഇന്ത്യയെ തോൽപ്പിച്ചത് 2021ലാണ്. അന്ന് ദുബായിൽവച്ച് ട്വന്റി20 ലോകകപ്പ് മത്സരത്തിലാണ് പാക്കിസ്ഥാൻ വിജയം സ്വന്തമാക്കിയത്.