പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ രംഗത്ത്. മുജ്തബയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും അവർ മേഖലാ സമാധാനം തകർക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
ഉത്തരകൊറിയൻ സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ നേതാവിനെ ബഹുമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ സുപ്രീം ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും അതിനെ പുറത്തുനിന്നുള്ള ശക്തികൾ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ സുപ്രീം ലീഡറായ ഖമനേയിക്ക് പകരമായി അദ്ദേഹത്തിന്റെ മകനെ മാർച്ച് 8ന് ഇറാൻ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഇറാനിലെ ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഇറാനെതിരായ അമേരിക്ക– ഇസ്രായേൽ ആക്രമണത്തെ മുമ്പ് തന്നെ ഉത്തരകൊറിയ നിയമവിരുദ്ധമായ ആക്രമണം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെയും ഭൗമപരിധിയെയും അമേരിക്കയും ഇസ്രായേലും ലംഘിച്ചുവെന്നും, രാജ്യത്തിന്റെ സാമൂഹിക സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഉത്തരകൊറിയ ആരോപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടുകയും നിരസിക്കപ്പെടുകയും വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഇതിനിടെ ഉത്തരകൊറിയയുടെ ആണവായുധ പദ്ധതിയെ അവസാനിപ്പിക്കാൻ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിച്ചുവരുന്നുണ്ടെങ്കിലും ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദങ്ങളും ഇതുവരെ കാര്യമായ ഫലമുണ്ടാക്കിയിട്ടില്ല. അടുത്തിടെ ട്രംപ് ഭരണകൂടം വീണ്ടും ഉയർന്നതല ചർച്ചകൾ ആരംഭിക്കാൻ ശ്രമിക്കുന്നതായും, ഈ വർഷം തന്നെ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഒരു ഉച്ചകോടി സംഘടിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ഏഷ്യൻ സന്ദർശനത്തിനിടെ കിം ജോങ് ഉനുമായി കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്യോങ്യാങ് അതിന് ഉടൻ പ്രതികരിച്ചിരുന്നില്ല. പിന്നീട് കിം അമേരിക്ക ഉത്തരകൊറിയയുടെ ആണവ ശക്തിയെ അംഗീകരിച്ചാൽ രണ്ട് രാജ്യങ്ങളും പരസ്പരം സഹകരിക്കാൻ കഴിയുമെന്ന് സൂചന നൽകിയിരുന്നു.
ഇതിനിടെ ഉത്തരകൊറിയ തന്റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്ന നീക്കങ്ങളും തുടരുകയാണ്. സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കിം ജോങ് ഉൻ നാവികസേനയുടെ ‘ചോയി ഹ്യോൻ’ എന്ന ഡിസ്‌ട്രോയറിൽ നിന്ന് സ്ട്രാറ്റജിക് ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം മേൽനോട്ടം വഹിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ കപ്പലിൽ നിന്ന് സമാന പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം അമേരിക്കയും ദക്ഷിണകൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സംയുക്ത സൈനിക അഭ്യാസമായ ഫ്രീഡം ഷീൽഡ് തിങ്കളാഴ്ച ആരംഭിച്ചു. 11 ദിവസം നീണ്ടുനിൽക്കുന്ന ഈ അഭ്യാസത്തെ ഉത്തരകൊറിയ ശക്തമായി വിമർശിക്കുകയും അതിന് കൽപ്പിക്കാനാകാത്തത്ര ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും അമേരിക്ക–ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസങ്ങളും ചൂണ്ടിക്കാട്ടി ഉത്തരകൊറിയ സ്വന്തം സൈനിക ശക്തി വർധിപ്പിക്കുന്ന നടപടികൾക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളും കഠിനമായ നയതന്ത്ര പ്രതികരണങ്ങളും മേഖലയിൽ സംഘർഷം കൂടുതൽ വർധിപ്പിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.















































