ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഒരു തീവ്രവാദികളേയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിൽ ആക്രമണം നടത്തിയ ഒരു തീവ്രവാദിയേയും വെറുതെ വിടില്ല. ഇന്ത്യ കൃത്യമായി തിരിച്ചടിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ തിരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. അതേസമയം നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിർത്തികളിലും കരസേന കടുത്ത ജാഗ്രത തുടരുകയാണ്. മുൻനിശ്ചയിച്ച് 26ന് അറബികടലിൽ തുടങ്ങിയ അഭ്യാസ പ്രകടനം നാവികസേന തുടരുകയാണ്. നാളെ ഉത്തർപ്രദേശിലെ ഗംഗ എക്‌സ്പ്രസ് വേയിൽ യുദ്ധ വിമാനങ്ങൾ അണിനിരത്തി വ്യോമസേനയും അഭ്യസ പ്രകടനങ്ങൾ നടത്തും. സേനാശേഷി വ്യക്തമാക്കുന്നതിനൊപ്പം പാകിസ്ഥാന് മേലുള്ള ഉപരോധവും ഇന്ത്യ കടുപ്പിച്ചു. എന്നാൽ ആക്രമണം നടത്തിയ ഭീകരർ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് എൻഐഎ വെളിപ്പെടുത്തി. ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയും ജമ്മുകശ്മീർ പോലീസും സംയുക്തമായി മേഖലയിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് എൻഐഎ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
നിലവിൽ ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് ആണ്. ഇപ്പോഴും പ്രദേശത്തെ വനമേഖലയിൽ ഒളിവിൽ തുടരുന്നുവെന്ന് കരുതപ്പെടുന്ന ഭീകരർക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ കൈവശമുണ്ടെന്നാണ് എൻഐഎയുടെ വെളിപ്പെടുത്തൽ. അതിനാൽ തന്നെ ഇവർ പ്രദേശത്തെ ഇടതൂർന്ന വനങ്ങളിൽ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ഭക്ഷണങ്ങളും അവശ്യസാധനങ്ങളും കൈവശമുള്ളതിനാലാണ് ഭീകരരെ കണ്ടെത്താൻ സാധിക്കാത്തതെന്നാണ് എൻഐഎയുടെ നിരീക്ഷണം. എന്നാൽ ആക്രമണം നടന്ന ബൈസാരൻ താഴ്വരയിൽ സംഭവത്തിന് 48 മണിക്കൂർ മുമ്പെങ്കിലും തീവ്രവാദികൾ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.