ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡ് ചർച്ചയ്ക്ക് അവസാനമായി. കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ സമ്പൂർണ ഐക്യം വേണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി. മാധ്യമങ്ങൾക്കു മുന്നിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. അതേസമയം കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉൾപ്പെടെ യോഗത്തിൽ ചർച്ചയായില്ല. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തൽക്കാലം തുടരും. അതോടൊപ്പം കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുന:സംഘടന നടത്താനും യോഗത്തിൽ തീരുമാനമായി.
അതേസമയം യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതെന്ന് കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവയ്ക്കും വിധം ചില നേതാക്കൾ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും സുധാകരൻ യോഗത്തിൽ തുറന്നടിച്ചു.പാർട്ടി ഐക്യം തകർക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു.
പാർട്ടിയുടെ കൂടെ നിൽക്കുമെന്ന് ശശി തരൂർ യോഗത്തിൽ അറിയിച്ചു. പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് ശശി തരൂർ യോഗത്തിൽ അറിയിച്ചു. അതേസമയം അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ബാധിക്കുന്നുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോർട്ടെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. കേരളത്തിൽ ജനപക്ഷത്തു നിന്ന് പാർട്ടി വിഷയങ്ങൾ ഏറ്റെടുക്കണം. കേരളത്തിലെ പാർട്ടിയുടെ വിജയം ഇന്ത്യയൊട്ടാകെയുള്ള പ്രവർത്തകർ ഉറ്റു നോക്കുന്നുവെന്നും നിർണായകമാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.
ഞങ്ങൾ ഒറ്റക്കെട്ട്
കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും മികച്ച യോഗമാണിതെന്നും കേരളത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും കെസി വേണുഗോപാൽ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും അടുത്ത കൊല്ലം ജനദ്രോഹ, വർഗീയ ശക്തികളെ കേരളം പരാജയപ്പെടുത്തുമെന്നും ഖർഗെ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയായെന്നും എല്ലാ നേതാക്കളും സംസാരിച്ചുവെന്നും വരും മാസങ്ങളിൽ നിരവധി പരിപാടികൾ നടത്തുമെന്നും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഒരു നിയന്ത്രണവും വച്ചിട്ടില്ലെന്നും പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ആര് സംസാരിച്ചാലും നടപടി ഉണ്ടാകുമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. ശശി തരൂരിൻറെ മാത്രം അല്ല വിഷയം. ആര് ചെയ്താലും നടപടിയുണ്ടാകും.
അതോടൊപ്പം ജില്ലാ തലത്തിൽ മാറ്റം വൈകാതെ ഉണ്ടാകും. ചിലരെ കൂടി ഉൾപ്പെടുത്താനുണ്ട്. നേതൃമാറ്റം തൻറെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. കേരളത്തിൽ നേതൃമാറ്റം അജണ്ടയിലില്ലെന്നും കെപിസിസിയിലെ ചില ഒഴിവുകൾ നികത്തുമെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. കോൺഗ്രസ് സ്റ്റേറ്റ് കോൺഫറൻസ് നടത്തുമെന്നും രാഹുലും ഖർഗെയും പങ്കെടുക്കുമെന്നും കേരളത്തിലെ കോൺഗ്രസിൽ ഐക്യമില്ല എന്ന് മാധ്യമങ്ങൾ പ്രചരണം നടത്തുകയാണെന്നും ഞങ്ങൾ ഒറ്റക്കെട്ടാണെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.
കേരളം ഐക്യ ജനാധിപത്യ മുന്നണി തട്ടി എടുക്കുമെന്ന് യോഗത്തിനുശേഷം കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.നേതൃമാറ്റം ചർച്ച ആയിട്ടില്ലെന്ന് വിഎം സുധീരൻ യോഗത്തിനുശേഷം പ്രതികരിച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കും. ശശി തരൂർ വിഷയം ചർച്ചയായെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുതെന്ന് നിർദേശം നൽകിയെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.