കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്നും തുടർനടപടികൾ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. യെമനിൽ തരീമിൽനിന്നുള്ള പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എപി അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ചും ദയാധനം സംബന്ധിച്ചുള്ള മറ്റു കാര്യങ്ങൾ തീരുമാനിക്കുക. വധശിക്ഷ ഒഴിവാക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനത്തിനായി ചർച്ചകൾ തുടരുമെന്നാണ് വിവരം.
ഈ മാസം 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് 15ന് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. കാന്തപുരത്തിന്റെ സുഹൃത്തായ പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഫഫിളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂറിന്റെ നേതൃത്വത്തിലായിരുന്നു അന്നു ചർച്ചകൾ നടത്തിയത്. ചർച്ചയിൽ യെമൻ ഭരണകൂടത്തിന്റെ പ്രതിനിധികൾ, സനായിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്രത്തലവൻമാർ എന്നിവർ പങ്കെടുത്തു. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമൻ ശൂറാ കൗൺസിൽ അംഗവുമായ ജസ്റ്റിസ് മുഹമ്മദ് ബിൻ അമീൻ ഷെയ്ഖും ഹബീബ് ഉമറിന്റെ നിർദേശപ്രകാരം അന്ന് ചർച്ചയിൽ ഇടപെട്ടിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി മിഷേൽ യെമനിലെത്തി, 10 വർഷമായി അമ്മയെ കാണാത്തതിന്‍റെ വേദനയിൽ മിഷേൽ

















































