ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ. തന്നെ അമേരിക്ക പിടികൂടിയതില്‍ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താന്‍ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടം തന്നെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു. യുഎസ് സൈന്യം പിടികൂടിയ മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും ന്യൂയോര്‍ക്ക് കോടതിയിലാണ് ഹാജരാക്കിയത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മഡൂറോ നിഷേധിച്ചു.
മഡൂറോ സ്പാനിഷ് ഭാഷയിലാണ് തന്റെ വാദമുഖങ്ങള്‍ മുന്നോട്ടുവെച്ചത്. കോടതി റിപ്പോര്‍ട്ടര്‍ അത് വിവര്‍ത്തനം ചെയ്തു. ചുമത്തിയിരിക്കുന്ന കുറ്റങ്ങളിന്മേല്‍ വാദം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മഡൂറോ താന്‍ നിരപരാധിയാണെന്നും കുറ്റക്കാരനല്ലെന്നും അവകാശപ്പെട്ടത്. ‘ഞാന്‍ നിരപരാധിയാണ്. ഞാന്‍ കുറ്റക്കാരനല്ല. ഞാന്‍ മാന്യനായ ഒരു വ്യക്തിയാണ്. എന്നെ തട്ടിക്കൊണ്ടുവന്നതാണ്. എന്റെ രാജ്യത്തിന്റെ പ്രസിഡന്റ് ആണ്’- മഡൂറോയുടെ വാക്കുകള്‍.
2020 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് ഇരുവരും വിചാരണ നേരിടുന്നത്. നീല ജയില്‍ വസ്ത്രം ധരിപ്പിച്ചാണ് മഡൂറോയെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതിയില്‍ എത്തിച്ചത്. ഇംഗ്ലീഷിലുള്ള കോടതിമുറി നടപടിക്രമങ്ങള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നതിനായി ഇരുവര്‍ക്കും പ്രത്യേക ഹെഡ് സെറ്റുകള്‍ നല്‍കിയിരുന്നു. ബ്രൂക്കിലിന്‍ ജയിലില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ ഇരുവരെയും മന്‍ഹാറ്റനിലെത്തിച്ചത്. കേസ് ഇനി മാര്‍ച്ച് 17ന് വീണ്ടും പരിഗണിക്കും. മഡുറോയ്ക്കും ഭാര്യയ്ക്കും വേണ്ടി അഭിഭാഷകനായ ബാരി പൊള്ളാക്ക് കോടതിയില്‍ ഹാജരായി.
















































