തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ. കുടുംബ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു, താൻ ഭർത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നൽകി.
നേരത്തെമുതൽ കുഞ്ഞിനോട് ഭർത്താവിന് ഇഷ്ടക്കേടുളളതായി തോന്നിയിരുന്നു. ഭർത്താവ് മടിയിൽ ഇരുത്തിയ ശേഷമാണ് മുൻപും കുഞ്ഞിന്റെ കയ്യിൽ പൊട്ടലുണ്ടായത്. കുഞ്ഞിനെ കൊന്നു എന്ന് അറിഞ്ഞതിന്റെ ഞെട്ടലുണ്ടെന്നും കൃഷ്ണപ്രിയ പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ താൻ മർദ്ദിച്ചിരുന്നുവെന്ന് ഷിജിൻ പോലീസിന് മൊഴി നൽകിയിരുന്നു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കൂടാതെ കുഞ്ഞിന്റെ കരച്ചിൽ തനിക്ക് ഇറിറ്റേഷനുണ്ടാക്കിയെന്നും ഇയാൾ പറഞ്ഞു.കുറ്റം സമ്മതിച്ചതിന് പിന്നാലെ പോലീസ് ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ വയറ്റിൽ ക്ഷതമേറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഷിജിൻ കുറ്റം സമ്മതിച്ചത്. ജനുവരി 16ന് രാത്രി ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു എന്നാണ് കൃഷ്ണപ്രിയയും ഷിജിനും നേരത്തെ നൽകിയ മൊഴി.
കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തെന്നും ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമായിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ പോലീസിന് ഇവരുടെ മൊഴിയിൽ സംശയം തോന്നിയിരുന്നു. രണ്ട് തവണ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. മൂന്നാമത്തെ ചോദ്യം ചെയ്യലിലാണ് കുഞ്ഞ് ഇഹാനെ മടിയിലുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചുവെന്നും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണുവെന്നും പിതാവ് മൊഴി നൽകിയത്.
സ്വരച്ചേർച്ചയില്ലല്ലാതിരുന്ന ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് വീണ്ടും ഇവർ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.















































