കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയതാണിത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതി കേസ് 23ന് വീണ്ടും പരിഗണിക്കും. അഡീഷനൽ കുറ്റപത്രം കോടതി അന്ന് പരിശോധനയ്ക്കെടുക്കും.
2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു. അതേസമയം, ദിവ്യയ്ക്ക് എതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകൻ കെ.വിശ്വൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.