കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ബിജെപിയേക്കാൾ കൂടുതൽ വർഗീയത ഇപ്പോൾ സിപിഎം മന്ത്രിമാർ പറയുകയാണെന്നും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്രമോദിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഷാഫിയുടെ വിമർശനം. സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണുളളതെന്നും സംഘാവ് എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു മന്ത്രി എഴുന്നേറ്റ് നിന്ന് പറയുകയാണ്, ജയിച്ചവരുടെ മതം നോക്കിയാൽ, പേര് നോക്കിയാൽ കാര്യം മനസിലാകുമെന്ന്. സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാൽ ആളെ മനസിലാകുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ അതേ ഭാഷയും ശൈലിയും ആശയവും സജി ചെറിയാനിലുമുണ്ടെങ്കിൽ കേരളത്തെ എങ്ങോട്ട് കൊണ്ടുപോകാനാണ് ഇവർ ആഗ്രഹിക്കുന്നതെന്ന് ആലോചിച്ച് നോക്കുക. അ
ധികാരത്തിൽ നിന്ന് തൂത്തെറിയപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോൾ, അധികാരം നഷ്ടപ്പെടുമെന്ന് ബോധ്യംവന്നപ്പോൾ വിഷം തുപ്പുകയാണ് സിപിഎം മന്ത്രിമാർ. അത്ര വൃത്തികെട്ട പ്രസ്ഥാനമായി സിപിഎം മാറി. തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു സിപിഎമ്മുകാരനു പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു പ്രസ്താവന നടത്തിയിട്ട് അത് തിരുത്താൻ, തന്റെ സർക്കാരിന്റെ നയം അതല്ലെന്ന് പറയാനും താക്കീത് ചെയ്യാനും മുഖ്യമന്ത്രിക്ക് മനസില്ലെങ്കിൽ, വാക്കും ശബ്ദവും സജി ചെറിയാന്റേതാണെങ്കിലും ചിന്ത പിണറായി വിജയന്റേതാണെന്ന് കേരളത്തിലെ ജനങ്ങൾ കരുതും. നേരത്തെ എകെ ബാലനെയും തിരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല’, ഷാഫി പറമ്പിൽ പറഞ്ഞു.
അതുപോലെ ബിജെപി ആശയക്കുഴപ്പത്തിലാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് മനസിലാകുന്നില്ലെന്നും ഷാഫി പറഞ്ഞു. ‘വർഗീയത ബിജെപിയേക്കാൾ നല്ലോണം പറയുന്നത് സിപിഎമ്മിന്റെ നേതാക്കളാണ്. മന്ത്രിമാർ തന്നെ എഴുന്നേറ്റ് നിന്ന് വർഗീയത പറയുന്നു. ഇനി എന്ത് കുത്തിത്തിരിപ്പ് കൊണ്ട് ഇറങ്ങണമെന്ന് അവർ ആലോചിച്ചിരിക്കേണ്ട അവസ്ഥയിലേക്ക് മാറി. സഖാവെന്നും സംഘിയെന്നും വിളിക്കാൻ കഴിയാത്ത തരത്തിൽ സംഘാവ് എന്ന് ചേർത്ത് വിളിക്കാവുന്ന തരത്തിൽ ഇവർ പെരുമാറുന്നത് കേരളത്തിലെ ജനം കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
















































