ഗുവാഹാട്ടി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), പ്രശസ്ത സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്നയാളാണ് സുഹൃത്തായ ജ്യോതി ഗോസ്വാമി.
പോലീസ് അറസ്റ്റ് ചെയ്ത ജ്യോതിയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം ഗോസ്വാമിയുടെ അറസ്റ്റിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗായകന്റെ മരണം അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തെ അസം സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഗായകന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അസമിൽ സുബീന്റെ മാനേജർക്കെതിരെ എസ്ഐടി റെയ്ഡ് നടത്തിയ അതേ ദിവസമാണ് സംഗീതജ്ഞന്റെ അറസ്റ്റുണ്ടായതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഇതിനിടെ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയുമായി ബന്ധപ്പെട്ട ഗുവാഹാട്ടിയിലെ ദതാൽപാറയിലുള്ള സ്ഥലങ്ങളിലും അന്വേഷണസംഘം തിരച്ചിൽ നടത്തി. അതേസമയം, സംരംഭകനും സാംസ്കാരിക പ്രവർത്തകനുമായ ശ്യാംകാനു മഹന്തയും പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ഉദ്യോഗസ്ഥർ വ്യാഴാഴ്ച മഹന്തയുടെ വസതി സന്ദർശിച്ചിരുന്നു. അദ്ദേഹം നിലവിൽ എയർപോർട്ട് ലോഞ്ചിലാണെന്നും കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. കൂടാതെ, കേസുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിങ്കപ്പൂർ അസം അസോസിയേഷനിലെ നിരവധി അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോർട്ട്. അന്വേഷണം വിപുലമാകുന്നതിനനുസരിച്ച് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
അതേസമയം സെപ്റ്റംബർ 19 ന് സിങ്കപ്പൂരിൽ വെച്ചുണ്ടായ ഒരു സ്കൂബ ഡൈവിങ് അപകടത്തിലാണ് സുബീൻ ഗാർഗ് മരിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയാണ് ഗാർഗ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ലാസറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് വ്യക്തമാക്കുകയും സ്കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട വാദങ്ങൾ തള്ളിക്കളയുകയും ചെയ്തു. ഡ്രമ്മർ ശേഖർ ജ്യോതി ഗോസ്വാമി, മാനേജർ സിദ്ധാർത്ഥ ശർമ്മ എന്നിവരുൾപ്പെടെയുള്ള സഹപ്രവർത്തകർക്കൊപ്പം ആദ്യമായി നീന്തുമ്പോൾ സുബീൻ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. തീരത്തേക്ക് മടങ്ങിയെത്തിയ ശേഷം, സുബീൻ രണ്ടാമതും നീന്താൻ പോയി, അതിനിടെ അദ്ദേഹത്തിന് അപസ്മാരം സംഭവിക്കുകയും പിന്നീട് ഉച്ചയ്ക്ക് 2.30 ന് സിങ്കപ്പൂർ ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.