മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യ രംഗത്താകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനങ്ങൾക്കായി അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്.
2021-22 വർഷത്തിലും, 2022-23 വർഷത്തിലും, 2023-24 വർഷത്തിലും, ഇപ്പോൾ 2024-25 സാമ്പത്തിക വർഷവും അദ്ദേഹം തന്റെ മുഴുവൻ വേതനവും നിരസിച്ചു. കോർപറേറ്റ് മേഖലയിൽ തന്നെ ഉദാത്തമായ ഉദാഹരണമായി അംബാനി മാറിയിരിക്കുകയാണ്. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും വമ്പൻ വളർച്ചയുണ്ടായിട്ടും 2008-09 കാലഘട്ടം മുതൽ തന്നെ അദ്ദേഹം തന്റെ പ്രതിഫലം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തന്റെ സ്ഥാനത്തിന് റിലയൻസിൽ നിന്ന് അലവൻസുകളോ ആനുകൂല്യങ്ങളോ വിരമിക്കൽ ആനുകൂല്യങ്ങളോ കമ്മീഷനോ സ്റ്റോക്ക് ഓപ്ഷനുകളോ ഒന്നും തന്നെ അംബാനിക്ക് ലഭ്യമായിട്ടില്ല.