ചെന്നൈ: വോട്ടർ പട്ടിക തയാറാക്കുന്നതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താ സമ്മേളനത്തെ നിശീതമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉത്തരങ്ങളേക്കാൾ ഇങ്ങോട്ടു ചോദ്യങ്ങൾ ചോദിക്കാനായിരുന്നു കമ്മിഷനു തിടുക്കം.
പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ഉയർത്തിക്കാട്ടുന്ന വിഷയങ്ങളെക്കുറിച്ച് ഞായറാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ ‘ഉത്തരം നൽകുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തി’ എന്ന് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതിലാണ് കമ്മിഷന്റെ ശ്രദ്ധയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനോട് 7 ചോദ്യങ്ങളും സ്റ്റാലിൻ ഉന്നയിച്ചു
1. വീടുതോറുമുള്ള കണക്കെടുപ്പ് നടത്തുമ്പോൾ എങ്ങനെയാണ് ഇത്രയധികം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ കഴിയുക?
2. പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അസാധാരണമായ രീതിയിൽ കുറവാണ്. 18 വയസ് തികയുന്ന യുവ വോട്ടർമാരെ ശരിയായ രീതിയിൽ പരിഗണിച്ചിട്ടുണ്ടോ? ഡാറ്റാബേസ് സമാഹരിച്ചിട്ടുണ്ടോ?
3. 1960 ലെ വോട്ടർമാരുടെ റജിസ്ട്രേഷൻ നിയമങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ? ബിഹാർ അടക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നിരവധി വോട്ടർമാരെ ഒഴിവാക്കിയേക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് പരിഗണിക്കുമോ?
4. മറ്റു സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുമോ?
5. 2025 മേയ് 1 ലെ വിജ്ഞാപനപ്രകാരം മരിച്ച വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ഡിഎംകെ 2025 ജൂലൈ 17 ന് സമർപ്പിച്ച അഭ്യർഥന ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
6. ഒരു വോട്ടറുടെ അവകാശവാദം സാധൂകരിക്കുന്നതിനുള്ള രേഖകളിൽ ഒന്നായി ആധാർ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല?
7. ന്യായമായ തിരഞ്ഞെടുപ്പുകളാണ് യഥാർഥത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യമിടുന്നതെങ്കിൽ, എന്തുകൊണ്ട് അത് കൂടുതൽ സുതാര്യവും വോട്ടർ സൗഹൃദവുമാക്കാൻ കഴിയുന്നില്ല?