തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്തായ ഐബി ഉദ്യോഗസ്ഥനാൻ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്നതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചു. ഗർഭഛിദ്രം നടത്താൻ വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. ഇതിനായി വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി.
ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചതായും പോലീസ് വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.


















































